ലഹരിക്കെതിരെയുള്ള ക്യാംപെയ്ന്‍ സുസ്ഥിര ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനമാക്കി മാറ്റി കതിരൂര്‍ ഗ്രാമ പഞ്ചായത്ത്. തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനമായാണ് പദ്ധതി നടത്തുക. കെ ഷീല്‍ഡ് അഥവാ കതിരൂര്‍ സസ്റ്റെയിനബിള്‍ ഹെല്‍ത്ത് ഇമ്യൂണിറ്റി എജ്യുക്കേഷന്‍ ലോക്കലി എഗൈന്‍സ്റ്റ് ഡ്രഗ്‌സ് എന്ന പേരിലാണ് പഞ്ചായത്ത് പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഗവ. വി എച്ച് എസ് എസ് കതിരൂരില്‍ ഗാന്ധിജയന്തി ദിനത്തില്‍ പഞ്ചായത്തിന്റെയും മറ്റു സംഘടനകളുടേയും സഹകരണത്തോടെ 2500 കുട്ടികള്‍ ഗാന്ധിജിയുടെ മുഖചിത്രം വരച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ പ്രവര്‍ത്തനമായി പഞ്ചായത്തില്‍ 25 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ക്ലസ്റ്റര്‍ തയാറാക്കി പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം, മോണിറ്ററിങ് , ലഹരി മുക്ത ചികിത്സ എന്നിവ നടത്തും.
12 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികളില്‍ പ്രത്യേക സര്‍വേ നടത്തും. അതില്‍ രക്ഷിതാക്കള്‍ വിദേശത്തുള്ള കുട്ടികള്‍, രക്ഷിതാക്കളില്‍ ലഹരി ആസക്തിയുള്ള കടുംബങ്ങളിലെ കുട്ടികള്‍, ഏതെങ്കിലും തരത്തിലുള്ള ലഹരി ആസക്തിയുള്ള വിദ്യാര്‍ഥികള്‍ എന്നിങ്ങനെ തരംതിരിച്ചാണ് മോണിറ്ററിങ് നടപ്പാക്കുക. പഞ്ചായത്തിലെ സ്‌കൂളുകളിലും പ്രത്യേകം കമ്മിറ്റികള്‍ രൂപീകരിക്കും. എല്‍ പി മുതലുള്ള ക്ലാസുകളില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന കമ്മിറ്റിയും ഇവര്‍ക്ക് നോഡല്‍ ഓഫീസറായി ഒരു അധ്യാപകനെയും നിശ്ചയിച്ചാണ് വിദ്യാലയങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക.