സമസ്തമേഖലയിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം ജില്ലാതല പരിപാടി സെപ്റ്റംബര്‍ 25 ന് മുനിസിപ്പല്‍ ഹൈസ്‌കൂള്‍ കാമ്പസിലെ കൈറ്റ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റും സ്വാതന്ത്ര്യ വിജ്ഞാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എ.കെ.എഫും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ രാവിലെ 10 ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. തുടര്‍ന്ന് ജില്ലയില്‍ സ്‌ക്രൈബസ് എന്ന വിഷയത്തെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കും. ഒരു സ്വതന്ത്ര ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങ്, ഡിസൈനിങ്ങ് സോഫ്റ്റ്‌വെയര്‍ ആണ് സ്‌ക്രൈബസ്.
ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ പൊതുജനങ്ങള്‍ക്കായി ഓപണ്‍ സെഷനുകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്ന ഇന്‍സ്റ്റാള്‍ ഫെസ്റ്റും സംഘടിപ്പിക്കും. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിന പോര്‍ട്ടലായ www.kite.kerala.gov.in/SFDay2022 വഴി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്ക് ജില്ലയില്‍ സൗജന്യമായി പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരവും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകളും നല്‍കും.പരിശീലന പരിപാടിയില്‍ കണ്ണൂര്‍ ഗവ എന്‍ജി.കോളേജ് പ്രൊഫസര്‍ സി ശ്രീകുമാര്‍ മുഖ്യാതിഥിയാവും, റിസോഴ്‌സ് പേഴ്‌സണ്‍ കെ സുരേന്ദ്രന്‍ അടുത്തില, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുപ്രിയ പി,ഡി.എ.കെ.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അജിത്ത് പാനൂര്‍ തുടങ്ങിയവര്‍ ജില്ലയില്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.