Hivision Channel

തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി ഊരത്തൂരില്‍ ജില്ലാ പഞ്ചായത്തിന്റെ എ ബി സി സെന്റര്‍

തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ ബി സി) സെന്റര്‍ സജ്ജമായി. പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്തിലെ ഊരത്തൂരില്‍ ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബര്‍ നാലിന് രാവിലെ 11 മണിക്ക് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിക്കും.
പ്രീഫാബ്രിക്കേറ്റഡ് രീതിയിലാണ് കെട്ടിടം നിര്‍മ്മിച്ചത്. 100 നായ്ക്കളെ പാര്‍പ്പിക്കാനുള്ള കൂടുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് ശസ്ത്രക്രിയ നടത്താനുള്ള തിയറ്ററുകള്‍, പ്രീ ആന്‍ഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികള്‍, ജീവനക്കാര്‍ക്കുള്ള ഡോര്‍മെറ്ററി, എ ബി സി ഓഫീസ്, സ്റ്റോര്‍, മാലിന്യ നിര്‍മ്മാര്‍ജന സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത വിധം വിജനമായ സ്ഥലത്താണ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് ഡോക്ടര്‍മാര്‍, രണ്ട് ഓപ്പറേഷന്‍ തിയറ്റര്‍ സഹായികള്‍, 10 പട്ടിപിടുത്തക്കാര്‍, രണ്ട് ശുചീകരണ തൊഴിലാളികള്‍ എന്നിവരെയാണ് സെന്ററില്‍ നിയമിച്ചിട്ടുള്ളത്. രണ്ട് ടീമുകളായാണ് ഇവര്‍ പ്രവര്‍ത്തിക്കുക.
അതിരാവിലെയും വൈകീട്ടുമാണ് പട്ടികളെ പിടികൂടുക. ശസ്ത്രക്രിയക്ക് ശേഷം ആണ്‍ നായ്ക്കളെ മൂന്ന് ദിവസവും പെണ്‍ നായ്ക്കളെ അഞ്ചു ദിവസവും നീരിക്ഷണത്തില്‍ പാര്‍പ്പിക്കും. ഇവക്കുള്ള ആന്റിബയോട്ടിക് ചികിത്സയും ഭക്ഷണവും സെന്ററില്‍ ലഭ്യമാക്കും. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ ആക്ഷന്‍ പ്ലാന്‍ പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ആവാസ വ്യവസ്ഥയില്‍ മാറ്റം വരുത്തരുത് എന്ന നിര്‍ദേശമുള്ളതിനാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച നായ്ക്കളെ പിടിച്ചു കൊണ്ടുവന്ന സ്ഥലത്ത് തന്നെ തിരിച്ചെത്തിക്കും. തിരിച്ചറിയാനായി ചെവിയില്‍ അടയാളം പതിപ്പിക്കും. പകര്‍ച്ചവ്യാധിയുള്ള നായ്ക്കള്‍ ആണെങ്കില്‍ ചികിത്സ നടത്തി മാത്രമേ തിരിച്ചു വിടൂ. പേ വിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പും നല്‍കും.
ജില്ലാ പഞ്ചായത്തിന്റെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 63 ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റര്‍ നിര്‍മ്മിച്ചത്. നടത്തിപ്പിനായി 20 ലക്ഷം രൂപയും 2022-2023 വര്‍ഷം ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. പ്രവര്‍ത്തനം തുടരാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫണ്ട് നീക്കിവെക്കും.
മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അജിത്ബാബുവിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ മലബാര്‍ ഇന്നവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് സോണില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ട്ടൂണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് 15 ദിവസം കൊണ്ട് കാബിനുകള്‍ നിര്‍മ്മിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *