
തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടുകുളത്തിന്റെയും ഉദ്ഘാടനം ഒക്ടോബര്‍ നാലിന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് നിര്‍വഹിക്കും. ടൂറിസം വകുപ്പ് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയതെന്ന് കെവി സുമേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വിനോദ സഞ്ചാര സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതാണ് തീര്‍ഥാടക ടൂറിസം പദ്ധതിയെന്ന് എംഎല്‍എ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ സരസ്വതി മണ്ഡപം ഉള്‍പ്പടെ തീര്‍ഥാടക വിനോദ കേന്ദ്രം പൂര്‍ത്തീകരിച്ചത്. വിജയദശമി ദിനത്തില്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം ഇരുപതിനായിരത്തോളം കുട്ടികളാണ് ഇവിടെ ആദ്യാക്ഷരം കുറിക്കാനെത്തുന്നത്. വര്‍ഷത്തില്‍ എല്ലാ ദിവസവും എഴുത്തിനിരുത്തുന്ന ഈ ക്ഷേത്രത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പുറത്തുനിന്നുമായി നിരവധി പേര്‍ എത്തുന്നുണ്ട്.
ക്ഷേത്രത്തില്‍ തീര്‍ഥാടന ടൂറിസം പദ്ധതി നടപ്പിലാക്കാനായി 2021 ആഗസ്റ്റ് 11ന് എംഎല്‍എ നിയമസഭാ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് വിനോദ സഞ്ചാരവകുപ്പ് പദ്ധതി തയ്യാറാക്കി. ഫണ്ട് അനുവദിച്ച് ഒരു വര്‍ഷത്തിനകം തന്നെ ക്ഷേത്രത്തില്‍ നവീകരണ പ്രവൃത്തി പൂര്‍ത്തിയായി.
കണ്ണൂര്‍ പിആര്‍ഡി ചേംബറില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പി മോഹനചന്ദ്രന്‍, ഭക്തസേവ സമിതി പ്രസിഡണ്ട് ഇ സേതുമാധവന്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ കെസി ശ്രീനിവാസന്‍, പി കെ സൂരജ് എന്നിവരും പങ്കെടുത്തു.














