Hivision Channel

ജനനേതാവിന് വിട; കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലത്തേക്ക് എത്തിചേര്‍ന്നു

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലത്തേക്ക് എത്തിചേര്‍ന്നു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ മണിക്കൂറുകള്‍ നീണ്ട പൊതുദര്‍ശനത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് അന്ത്യ വിശ്രമമൊരുക്കിയ പയ്യാമ്പലം ബീച്ചിലേക്ക് വിലാപയാത്ര എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗം എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എംവിജയരാജന്‍, വിജയരാഘവന്‍ അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ വിലാപയാത്രക്ക് ഒപ്പം ഉണ്ടായിരുന്നു. ആയിരങ്ങളാണ് രണ്ട് ദിവസമായി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൗണ്‍ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതല്‍ കണ്ണൂര്‍ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള ദേശീയ നേതാക്കളും, മന്ത്രിമാരും പ്രതിപക്ഷ നിരയിലെ നേതാക്കളും അടക്കം നിരവധിപ്പേര്‍ കണ്ണൂരിലെത്തി കോടിയേരിയെ ഒരുനോക്ക് കണ്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അന്തിമോപചാരം അര്‍പ്പിച്ചു. നയനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് അന്ത്യനിദ്ര ഒരുക്കിയിരിക്കുന്നത്. പയ്യാമ്പലത്ത് പ്രവേശനം കുടുംബാംഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രം.സംസ്‌കാരം ചടങ്ങുകള്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *