
വടക്കാഞ്ചേരി ബസ് അപകടത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി ആരംഭിച്ചെന്ന് പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു. ഇന്ന് ഉച്ചയോടെ സ്ഥലം സന്ദര്‍ശിച്ച ശേഷം വിശദ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എം.കെ.ജയേഷ് കുമാര്‍ അറിയിച്ചു. ബസ് ഉടമയ്ക്ക് എതിരെയുള്ള നടപടി വിശദാന്വേഷണത്തിന് ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വടക്കാഞ്ചേരി ബസപകടത്തില്‍ ഡ്രൈവറുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് ലാബിലേക്കാണ് സാമ്പിള്‍ അയച്ചത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ഈ പരിശോധന. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചാണ് ഇയാളുടെ സാമ്പിള്‍ എടുത്തത്.
വടക്കഞ്ചേരി അപകടത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ യോഗം ചേര്‍ന്നിരുന്നു. ഡ്രൈവര്‍ക്കെതിരെ ഏതൊക്കെ വകുപ്പുകള്‍ ചുമത്തണം എന്നതിലായിരുന്നു ചര്‍ച്ച. ആലത്തൂര്‍ ഡിവൈഎസ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാന്‍ തീരുമാനിച്ചു.
അപകടമുണ്ടാക്കിയ ബസും ഡ്രൈവറുമായും ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ശേഖരിച്ച് വരികയാണെന്ന് ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു. ഇന്നലെ വൈകീട്ട് തന്നെ ഡ്രൈവറുടെ വൈദ്യപരിശോധന നടത്തിയിട്ടുണ്ടെന്നും മദ്യപിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ഡിവൈഎസ്പി അറിയിച്ചു. ഡ്രൈവറുടെ മുന്‍കാല പശ്ചാത്തലം
അടക്കം പരിശോധിക്കും. മറ്റു സംസ്ഥാനങ്ങളില്‍ ഇയാള്‍ ഗതാഗത നിയമലംഘനം നടത്തിയോ എന്ന കാര്യവും പരിശോധിക്കും. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഭാഗത്ത് പിഴവുണ്ടായോ എന്ന കാര്യവും പരിശോധിക്കുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
അപകടസ്ഥലത്ത് വെളിച്ചക്കുറവുണ്ടായിരുന്നു, ഇതും അത്യാഹിതത്തിന് ഇടയാക്കിയെന്നും അപകടം ഉണ്ടാകും എന്നറിഞ്ഞ് കൊണ്ടു തന്നെ അമിത വേഗത്തില്‍ വാഹനമോടിച്ചതിനാലാണ് ഡ്രൈവര്‍ക്കെതിരെ 304 വകുപ്പ് പ്രകാരം കേസെടുത്തതെന്നും ബസുടമയ്ക്ക് എതിരെ കേസെടുക്കണോ എന്ന കാര്യം പരിശോധിക്കുമെന്നും ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.














