
തലശേരിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ സിഗ്മ ബസിന് തലശ്ശേരി ആര്‍ ടി ഒ 10,000 രൂപ പിഴയിട്ടു. ബസ് തലശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ്റ്റാന്റിലെത്തിയപ്പോഴാണ് സംഭവം നടന്നത്. നല്ല മഴയുണ്ടായിരുന്നിട്ടും എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോള്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിച്ചത്. അതുവരെ അവര്‍ മഴ നനഞ്ഞ് ബസിന്റെ ഡോറിന് സമീപം കയറാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.
ബാഗും ബുക്കുകളുമടക്കമായി വിദ്യാര്‍ത്ഥികള്‍ മഴ നനഞ്ഞ് നില്‍ക്കുന്ന വീഡിയോ കൃഷ്ണകുമാര്‍ എന്നയാളാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ബാലവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം മോട്ടോര്‍ വാഹന വകുപ്പ് ബസ് ഉടമയ്ക്ക് 10000 രൂപ പിഴ ഈടാക്കി.














