
വിമാനം തട്ടിക്കൊണ്ടുപോയാല്‍ സ്വീകരിക്കേണ്ട നടപടികളുടെ കാര്യക്ഷമത പരിശോധിക്കാനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ആന്റി ഹൈജാക് മോക് ഡ്രില്‍ നടത്തി. കൊച്ചി-മുംബൈ വിമാനം രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി അവരുടെ ആവശ്യപ്രകാരം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതായും അതിലെ മുഴുവന്‍ യാത്രക്കാരെയും കൂടിയാലോചനകളിലൂടെ രക്ഷപ്പെടുത്തുന്നതായും സങ്കല്‍പിച്ചാണ് മോക് ഡ്രില്‍ നടത്തിയത്. ഡെപ്യൂട്ടി കലക്ടര്‍ ജോസഫ്, വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് അനില്‍ ദോണ്ഡ്യാല്‍, എന്‍ എസ് ജി
ക്യാപ്റ്റന്‍ കൃഷ്ണ, തലശ്ശേരി എസിപി നിധിന്‍രാജ്, കിയാല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ പി ജോസ്, എയര്‍പോര്‍ട്ട് അതോറിറ്റി എടിസി ഇന്‍ ചാര്‍ജ് കെ മുഹമ്മദ് ഷാഹിദ്, കിയാല്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എം വി വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേരള ഫയര്‍ ഫോഴ്സ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, എയര്‍ലൈനുകളുടെ ജീവനക്കാര്‍, ബിപിസിഎല്‍ തുടങ്ങിയവര്‍ പങ്കാളികളായി.














