
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ വായ്പയായി വിതരണം ചെയ്തത് 5481 കോടി രൂപ. കാര്‍ഷിക മേഖലയില്‍ 1898 കോടിയും എം എസ് എം ഇ മേഖലയില്‍ 1124 കോടി രൂപയും വിതരണം ചെയ്തു. ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം 56568 കോടിയും വായ്പ തുക 37372 കോടി രൂപയുമാണ്. 66 ശതമാനമാണ് വായ്പ നിക്ഷേപ അനുപാതം.മുദ്ര സ്‌കീമില്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 7288 ഗുണഭോക്താക്കള്‍ക്കായി 94 കോടി രൂപ വിതരണം ചെയ്തു. വിദ്യാഭ്യാസ വായ്പയായി 1509 പേര്‍ക്ക് 29 കോടിയും ഭവന വായ്പയായി 5591 അക്കൗണ്ടുകളിലായി 264 കോടിയും ജില്ലയിലെ എല്ലാ ബാങ്കുകളും ചേര്‍ന്ന് വിതരണം ചെയ്തു.ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ കാനറാ ബാങ്ക് ഹാളില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗം എ ഡി എം കെ കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. മുദ്രാവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ നല്‍കുന്നതില്‍ ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കനറാ ബാങ്ക് റീജ്യണല്‍ മേധാവി എ യു രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ലീഡ് ബാങ്ക് മാനേജര്‍ ടി എം രാജ്കുമാര്‍, ആര്‍ബിഐ പ്രതിനിധി പി അശോക്, നബാര്‍ഡ് ഡിഡിഎം ജിഷി മോന്‍ എന്നിവര്‍ സംസാരിച്ചു.














