
സമഗ്ര കാര്‍ഷിക വികസന പദ്ധതിയിലൂടെ ഒരു വ്യാഴവട്ടക്കാലമായി തരിശായി കിടന്ന പാടങ്ങളില്‍ നെല്ലുവിളയിക്കാന്‍ ചെങ്ങളായി ഗ്രാമപഞ്ചായത്ത്. മുങ്ങം, കുണ്ടംകൈ, പരിപ്പായി, പെരിങ്കോന്ന് പാടശേഖരങ്ങളിലെ നിലങ്ങള്‍ ഉള്‍പ്പെടെ 50 ഏക്കറിലാണ് രണ്ടാം വിള കൃഷിയിറക്കുന്നത്. പഞ്ചായത്ത് കൃഷിഭവന്‍, കൃഷി വിജ്ഞാന്‍ കേന്ദ്ര കണ്ണൂര്‍, കാര്‍ഷിക കര്‍മ്മസേന, പാടശേഖരസമിതികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് വിഭാഗം, കുറുമാത്തൂര്‍ ഐ ടി ഐ എന്നിങ്ങനെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും കൈകോര്‍ത്താണ് ചെങ്ങളായിയില്‍ കാര്‍ഷിക മുന്നേറ്റത്തിനൊരുങ്ങുന്നത്.
പഞ്ചായത്തിലെ എട്ട്, 10, 11, 12 വാര്‍ഡുകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നിക്ര പദ്ധതിയുടെ സഹായവും ഇതിനുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നടപ്പാക്കുന്ന പദ്ധതിയാണ് നിക്ര ( ദേശീയ കാലാവസ്ഥധിഷ്ഠിത പുനര്‍ജനി പദ്ധതി). വരള്‍ച്ച, വെള്ളപ്പൊക്കം അതിവര്‍ഷം തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടാന്‍ കര്‍ഷകരെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നൂതന സാങ്കേതിക വിദ്യകളിലൂടെ വിളയുല്‍പാദനം വര്‍ധിപ്പിക്കുകയും തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബണ്ട് നിര്‍മാണം, ചാലുകീറല്‍ തുടങ്ങിയവ നടപ്പാക്കും. രണ്ടാവിള നെല്‍കൃഷിയില്‍ പൂര്‍ണ്ണമായും യന്ത്രവല്‍ക്കരണത്തിനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
കാര്‍ഷിക മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുന്ന വിവിധ വിഭാഗങ്ങളെ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിലൂടെ സാധിച്ചു. നെല്‍കൃഷിയിലേക്ക് കൂടുതല്‍ കര്‍ഷകരെ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനന്‍ പറഞ്ഞു.
മുങ്ങം പാടശേഖരത്തില്‍ നടന്ന ഞാറ് നടീല്‍ ഉത്സവം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാര്‍ദ്ദനന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ശോഭന ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷരായ എ ജനാര്‍ദ്ദനന്‍, പി വി രജിത, എം എം പ്രജോഷ്, കണ്ണൂര്‍ കൃഷി വിജ്ഞന കേന്ദ്രം മേധാവി ഡോ.പി ജയരാജ്, കൃഷി ഓഫീസര്‍ അമിത സിസില്‍, കൃഷി അസിസ്റ്റന്റ് പി പി രാഗേഷ് എന്നിവര്‍ സംസാരിച്ചു.














