
ശുചിത്വ സുന്ദര നഗരമാവാനൊരുങ്ങി തലശ്ശേരി. ഇതിന്റെ മുന്നോടിയായി എം ജി റോഡ് ഡസ്റ്റ് ഫ്രീ റോഡാക്കുന്ന പ്രവൃത്തി ആരംഭിച്ചു. മാലിന്യമുക്ത നഗരപാത എന്ന ലക്ഷ്യവുമായാണ് 485 മീറ്റര്‍ റോഡ് നവീകരിക്കുന്നത്. പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ശാരദ കൃഷ്ണയ്യര്‍ ഓഡിറ്റോറിയം മുതല്‍ ഗവ. ജനറല്‍ ആശുപത്രി വരെയാണ് റോഡ് നവീകരിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ അഗ്ലോമറേഷന്‍ ഫണ്ടില്‍ നിന്ന് 1.75 കോടി രൂപയും തുറമുഖ വകുപ്പ് ഫണ്ടില്‍ നിന്ന് 2.50 കോടി രൂപയും വിനിയോഗിക്കും. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ മാലിന്യവും പൊടിപടലവും ഇല്ലാത്ത മാതൃക റോഡായി ഇത് മാറും. മിഠായി കടലാസ് പോലും അലക്ഷ്യമായി വലിച്ചെറിയാതിരിക്കാന്‍ ഓരോ പത്ത് മീറ്ററിലും പ്രത്യേക മാതൃകയിലുള്ള ചവറ്റുകൊട്ടകള്‍ സ്ഥാപിക്കും. നഗരസഭയുടെ ശുചിത്വ തൊഴിലാളികള്‍ ദിനംപ്രതി വൃത്തിയാക്കും. മാസത്തില്‍ ഒരിക്കല്‍ റോഡ് കഴുകി വൃത്തിയാക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് നഗരസഭാധ്യക്ഷ ജമുന റാണി ടീച്ചര്‍ പറഞ്ഞു.
ജനത്തിരക്കും വാഹനപ്പെരുപ്പവും കൊണ്ട് വീര്‍പ്പുമുട്ടുന്ന തലശ്ശേരിയെ വയനാട് സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡിന്റെ മാതൃകയില്‍ ‘ഡസ്റ്റ് ഫ്രീ’യാക്കി സൗന്ദര്യവത്കരിക്കുകയാണ് ലക്ഷ്യം. അഞ്ച് ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍, തലശ്ശേരി താലൂക്ക് ജനറല്‍ ആശുപത്രി, ബിഎസ്എന്‍എല്‍, കെഎസ്ഇബി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നഗരസഭ സ്റ്റേഡിയം, അഞ്ഞൂറോളം കടകള്‍ തുടങ്ങിയവ എം ജി റോഡിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിലേക്കുള്ള യാത്ര തടസ്സപ്പെടുത്താതെയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഓവുചാലുകള്‍ ആഴവും വീതിയും കൂട്ടി കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിക്കുകയാണ്. മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട്് പരിഹരിക്കാന്‍ മൂന്നടി വീതം ആഴത്തിലും വീതിയിലുമാണ് പുതിയ ഓവുചാലുകള്‍ നിര്‍മ്മിക്കുന്നത്. ഇത് വൃത്തിയാക്കാന്‍ ഓരോ അഞ്ചു മീറ്ററിലും മാന്‍ ഹോള്‍ സജ്ജമാക്കും. രണ്ടാം ഘട്ടത്തില്‍ ജനറല്‍ ആശുപത്രി മുതല്‍ നഗരസഭ ഓഫീസ് വരെയുള്ള ഭാഗത്ത് പേവര്‍ ഫിനിഷ്ഡ് രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യും.
നിലവിലുള്ളതില്‍ നിന്ന് ഒരടി ഉയര്‍ത്തിയാണ് പുതിയ റോഡ് നിര്‍മ്മിക്കുക. ഇരുവശത്തും ടൈലുകള്‍ പാകിയ നടപ്പാതകളും കൈവരിയും ഒരുക്കും. 1.5 മീറ്റര്‍ വീതിയിലാണ് നടപ്പാത ഒരുക്കുക. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ റോഡിനിരുവശത്തും തെരുവു വിളക്കുകളും അലങ്കാരചെടികളും സ്ഥാപിക്കും. ഭാവിയില്‍ കോണ്‍ക്രീറ്റ് ഇളക്കിമാറ്റാതെ കേബിളുകള്‍ സ്ഥാപിക്കാന്‍ റോഡരികില്‍ കേസിംഗ് പൈപ്പുകളും സജ്ജമാക്കും. ഓവുചാലിന്റെ പ്രവൃത്തി ഒരു മാസത്തിനുള്ളിലും മറ്റ് പ്രവൃത്തികള്‍ ആറു മാസത്തിനകവും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.














