Hivision Channel

മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം;അതിശക്തമായ നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തു വരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ വാസന്തി മഠം എന്ന എന്നയിടത്താണ് കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം. മഠം ഉടമയായ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തേക്ക് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. ഡിവൈഎഫ്‌ഐ, ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. ഇവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ കസ്റ്റഡിയിലെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നായിരുന്നു സമരക്കാര്‍ അറിയിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. മുന്‍കാലങ്ങളിലും ഇവിടെ പൊലീസ് പരിശോധന അടക്കം നടന്നിരുന്നു. പ്രതിഷേധം വ്യാപകമായിരുന്നു. നരബലി അടക്കമുള്ള സംഭവങ്ങള്‍ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മന്ത്രവാദത്തിലൂടെ ഉന്നമനത്തിലേക്ക് എത്തിക്കും എന്ന രീതിയിലായിരുന്നു ഇവിടുത്തെ പ്രചരണങ്ങള്‍. വര്‍ഷങ്ങളായി ഈ കേന്ദ്രം പ്രവര്‍ത്തിച്ചു വരികയാണ്. പ്രാദേശികവും അല്ലാതെയും ഇവിടേക്ക് കുട്ടികളെ കൊണ്ടുവന്നിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട പൂജകളാണ് ഇവിടെ നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരെ വന്‍ജനവികാരമാണ് ഉയരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *