
സംസ്ഥാനത്ത് നിന്ന് പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സീന്‍ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്സ് ലാബ്. ആന്റി റാബീസ് വാക്സീന്‍ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. എന്നാല്‍ വാക്സീനെടുത്ത ചിലരില്‍ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തില്‍ പൊതുആശങ്ക പരിഹരിക്കുന്നതിനായാണ് വീണ്ടും പരിശോധനയ്ക്കയച്ചത്. ഈ വാക്സീനാണ് കേന്ദ്ര ഡ്രഗ്സ് ലാബ് ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്തത്. കേന്ദ്ര ലാബിലേയ്ക്കയച്ച ഇമ്മുണോഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആശങ്കകള്‍ അവസാനിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.














