
സമ്പൂര്‍ണ ലഹരിമുക്ത ഗ്രാമമാകാന്‍ വേറിട്ട കൂട്ടായ്മയുമായി പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്. വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, നാട്ടുകാര്‍ എന്നിവരെ സംയോജിപ്പിച്ചാണ് ഫൈറ്റേഴ്‌സ് എഗെയിന്‍സ്റ്റ് നാര്‍ക്കോട്ടിക്‌സ് (ഫാന്‍) എന്ന കൂട്ടായ്മ രൂപീകരിച്ചത്.
ലഹരി വസ്തു ഉപയോഗത്തിനെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ ക്യാമ്പയിന്റെ ഭാഗമാണ് ഈ കൂട്ടായ്മ.
വിദ്യാലയങ്ങള്‍, കോളേജ് ക്യാമ്പസ്, വീടുകള്‍, പൊതു ഇടങ്ങള്‍ എന്നിങ്ങനെ നാല് തലങ്ങളിലായാണ് പ്രവര്‍ത്തനം. വിദ്യാലയങ്ങളിലെ എന്‍ എസ് എസ്, എന്‍ സി സി യൂണിറ്റുകളില്‍ ഇല്ലാത്ത കുട്ടികള്‍ക്ക് കൂട്ടായ്മയില്‍ അംഗ്വത്വം നല്‍കും. ഓരോ സ്‌കൂളിലെയും 10 ശതമാനം കുട്ടികള്‍ക്കാണ് അംഗത്വം ലഭിക്കുക. ഇവര്‍ക്ക് നാര്‍ക്കോട്ടിക് സെല്‍, പൊലീസ്, എക്‌സൈസ്, മനശാസ്ത്ര വിഭാഗം ഡോക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം, അതിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ തുടങ്ങി പ്രത്യേക വിഷയങ്ങളിലാകും പരീശീലനം. തുടര്‍ന്ന് ഓരോ അംഗത്തിന്റെയും നേതൃത്വത്തില്‍ ഒമ്പത് കുട്ടികളെക്കൂടി ചേര്‍ത്ത് സൗഹൃദ സദസ് രൂപീകരിക്കും. ആധ്യാപകരുടെ മേല്‍നോട്ടത്തില്‍ ആഴ്ചയില്‍ ഒരു ദിവസം ചേരുന്ന സൗഹൃദ സദസ്സില്‍ വിദ്യാര്‍ഥികളുടെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിലൂടെ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തിയാല്‍ കൗണ്‍സിലിംഗ്, വൈദ്യസഹായം, നിയമ സഹായം എന്നിവ നല്‍കും. ഇതിന് പുറമെ സ്‌കൂളിലും കോളേജുകളിലും രക്ഷിതാക്കള്‍ക്കായി സൗഹൃദ കുടുംബ സദസും രൂപീകരിക്കും. കുട്ടികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉണ്ടെന്ന് ഉറപ്പാക്കാനാണ് കുടുംബ സദസ്.
രക്ഷിതാക്കള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ബോധവത്കരണ ക്ലാസുകളും നല്‍കും. പഞ്ചായത്തിലെ പൊതു ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പന പൊലീസ്, എക്‌സൈസ് എന്നിവയുടെ സഹായത്തോടെ കടകളില്‍ കര്‍ശന പരിശോധന നടത്തും.
പൊതു ഇടങ്ങള്‍ സി സി ടി വി ക്യാമറകളുടെ നിരീക്ഷണത്തിലാക്കുമെന്നും ഒരു വര്‍ഷം കൊണ്ട് സമ്പൂര്‍ണ ലഹരി മുക്ത പഞ്ചായത്തായി പയ്യാവൂരിനെ മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സജു സേവ്യര്‍ പറഞ്ഞു.














