
പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പ്രതി ശ്യാംജിത്ത് സ്വയം നിര്‍മ്മിച്ചതെന്ന് പൊലീസ് കണ്ടെത്തി. കത്തിയുണ്ടാക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കത്തിയുണ്ടാക്കാന്‍ ഇരുമ്പും ചുറ്റികയും വാങ്ങിയതായും പൊലീസ് പറഞ്ഞു. കൊലപാതകശേഷം അന്വേഷണം വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങളും ശ്യാംജിത്തിന്റെ ഭാഗത്തുനിന്നുണ്ടായി. കൊലയ്ക്ക് പിന്നാലെ ആയുധങ്ങള്‍ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറിയതിന് ശേഷം അച്ഛന്റെ ഹോട്ടലിലെത്തി. ഭക്ഷണം വിളമ്പാനും സഹായിച്ചു. ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടി ശേഖരിച്ച് ആയുധം ഉപേക്ഷിച്ച ബാഗില്‍ നിക്ഷേപിക്കുകയും ചെയ്തു. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നല്‍കി. ശ്യാംജിത്തിന്റെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണില്‍ മറ്റൊരു സിം ഇട്ട് വിഷ്ണുപ്രിയയെ വിളിക്കാന്‍ ശ്യാംജിത്ത് ശ്രമിച്ചതായി കണ്ടെത്തി. ആ സിംകാര്‍ഡുകള്‍ കണ്ടെടുത്തു.
ബാഗിലുണ്ടായിരുന്ന കയര്‍ മുറിയില്‍ നിന്ന് കിട്ടി. പ്രതിയുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. പ്രതി ശ്യാംജിത്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് 2 കത്തികള്‍, ചുറ്റിക, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍, മുളകുപൊടി, പവര്‍ ബാങ്ക്, സ്‌ക്രൂഡ്രൈവര്‍, തൊപ്പി കൈയുറകള്‍ എന്നിവ കണ്ടെടുത്തത്. വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയ ശേഷം ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിന് സമീപമുള്ള സ്ഥലത്ത് ആയുധങ്ങള്‍ ഒളിപ്പിച്ചുവെന്നായിരുന്നു നല്‍കിയ മൊഴി. തുടര്‍ന്ന് പ്രദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. വീടിന് സമീപമുള്ള ഒരു ചതിപ്പില്‍ ബാഗില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ആയുധങ്ങള്‍. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും ബാ?ഗില്‍ നിന്നും കണ്ടെടുത്തു.
കൂടാതെ ആസമയം ധരിച്ചിരുന്ന വസ്ത്രവും രക്തം പുരണ്ട നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ കൊലപാതകം തടയാന്‍ വിഷ്ണുപ്രിയ ശ്രമിച്ചാല്‍ അത് തടയാന്‍ മുഖത്തെറിയാന്‍ സൂക്ഷിച്ചിരുന്ന മുളകുപൊടിയും ബാഗിലുണ്ടായിരുന്നു. കൊലപാതക ശേഷം പ്രദേശത്തെത്തിയ ശ്യാംജിത്ത് ബാഗില്‍ ആയുധങ്ങളും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഇട്ടശേഷം വെട്ടുകല്ല് ബാഗിനുള്ള വച്ച് ചതുപ്പില്‍ താഴ്ത്തുകയായിരുന്നു. വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. പാനൂര്‍ വള്ള്യായി സ്വദേശിനി വിഷ്ണുപ്രിയയുടെ അരുംകൊല കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
പ്രണയത്തില്‍ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതിന്റെ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി ആയുധം വാങ്ങിയ കടയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ പൊലീസിന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും. കൊലപാതകത്തിനായി എത്തിയ പ്രതി പരിസരം നിരീക്ഷിച്ച് നടക്കുന്നത് സമീപവാസിയായ മുകുന്ദന്‍ കണ്ടിരുന്നു. കെഎസ്ഇബി ജീവനക്കാരനെന്ന വ്യാജേനയാണ് പ്രതിയെത്തിയത്. നിഷ്ഠൂരമായ അരുംകൊലയുടെ ഞെട്ടലില്‍ നിന്ന് പാനൂര്‍ ഇനിയും മുക്തമായിട്ടില്ല. കൊലപാതകത്തിനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ തത്സസമയം കണ്ട വിഷ്ണുപ്രയുടെ സുഹൃത്ത് കേസില്‍ പ്രധാന സാക്ഷിയാകും. വൈകിട്ടോടെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് വൈകിട്ടാകും വിഷ്ണുപ്രിയയുടെ സംസ്‌കാരം.














