
ഊരാച്ചേരി ഗുരുനാഥന്മാരുടെ സംസ്കാരിക, സാമൂഹിക, ജ്ഞാനപരമായ ഇടപെടലുകളുടെ പൈതൃകവേരുകള്‍ തേടി ചൊക്ലിയില്‍ നടത്തിയ ശില്പശാല ഭാഷാ ചരിത്രത്തിന്റെ വേരുകള്‍ തേടുന്നതും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയവുമായി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ഊരാച്ചേരി ഗുരുനാഥന്മാര് സ്മാരക സമിതി, സ്മാരക ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല നടത്തിയത്. ഊരാച്ചേരി ഗുരുനാഥന്മാരുടെ ഭാഷ, വിദ്യാഭ്യാസം, വൈദ്യപഠനം, ജ്യോതിഷം മേഖലകളില്‍ തെളിയിച്ച കഴിവുകള്‍ എന്നിവയുടെ ചരിത്രരേഖകള്‍ സമാഹരിച്ച് മ്യൂസിയവും സ്മാരകവും സ്ഥാപിക്കുന്നതിന്റെ ആദ്യപടിയായാണ് ശില്പശാല നടത്തിയത്.
‘ഊരാച്ചേരി ഗുരുനാഥന്മാര് ചരിത്ര രേഖകളില്‍’ എന്ന വിഷയം പി പി സനൂജ അവതരിപ്പിച്ചു. ഊരാച്ചേരി ഗുരുനാഥന്മാരെ പുതുശ്ശേരി ഗുരുനാഥന്മാരായി അറിയപ്പെട്ടിരുന്നുവെന്ന് അവര്‍ പറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച അറിവുകള്‍ സമൂഹത്തിലേക്ക് എത്തിക്കാന്‍ ഗുരുനാഥന്മാര് മുന്‍കൈയ്യെടുത്തിരുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തയ്യാറാക്കിയ മലയാളം -ഇംഗ്ലീഷ് നിഘണ്ടു നിര്‍മിക്കുന്നതില്‍ ഗുരുനാഥന്മാരുടെ നിര്‍ണായക പങ്കുണ്ടായിരുന്നു. സാധാരണക്കാരുടെ ഭാഷ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുണ്ടര്‍ട്ട് തലശ്ശേരി ഇല്ലിക്കുന്നിലെത്തി ഗുരുനാഥന്മാരുടെ അടുത്ത് നിന്ന് പഠനം നടത്തിയത്. എന്നാല്‍ ഗുണ്ടര്‍ട്ട് ഇവരെ മതപരിവര്‍ത്തനത്തിലേക്ക് ക്ഷണിച്ചതോടെ ഇവരുടെ ബന്ധം വഷളായതായും പി പി സനൂജ പറഞ്ഞു.
ചികിത്സകളുടെ ഒറ്റമൂലി ശേഖരം ഗുരുനാഥന്മാരുടെ അടുക്കല്‍ ഉണ്ടായിരുന്നുവെന്ന് ‘ഊരാച്ചേരി ഗുരുനാഥന്മാര്: ജീവിതവും ചരിത്രവും’ എന്ന വിഷയം അവതരിപ്പിച്ച കവിയൂര്‍ രാജഗോപാലന്‍ പറഞ്ഞു. ഇവരുടെ ജീവിതം 1874 വരെയാണെന്ന് ഗുണ്ടര്‍ട്ടിന്റെ ഡയറിയില്‍ നിന്ന് മനസിലാക്കാം.
‘ഊരാച്ചേരി ഗുരുനാഥന്മാരുടെ പേരിലുള്ള നിര്‍ദിഷ്ട മ്യൂസിയവും: പഠനഗവേഷണ കേന്ദ്രവും സാങ്കേതിക സാധ്യതകള്‍’ എന്ന വിഷയത്തില്‍ കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയരക്ര്‍ ആര് ചന്ദ്രന്‍പിള്ള സംസാരിച്ചു. മ്യൂസിയങ്ങള്‍ പാരമ്പര്യത്തിന്റെ വസ്തുതകള്‍ കൊണ്ട് കഥ പറയുന്ന ഇടങ്ങളായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മ്യൂസിയങ്ങള്‍ സന്ദര്‍ശകരുമായി സംസാരിക്കുന്നതാവണം. ഓരോ സന്ദര്‍ശത്തിലും പുതിയ അറിവുകള്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കും. കെട്ടുകഥകള്‍ കൊണ്ട് മ്യൂസിയം നിര്‍മിക്കരുത്. സത്യമേ പറയാവൂ. കഴിവതും രേഖാപരമായിരിക്കണം. മ്യൂസിയങ്ങള്‍ ജനങ്ങള്‍ തന്നെ നിയന്ത്രിച്ചാലേ മികച്ച രീതിയില്‍ മുന്നോട്ടു പോവുകയൂള്ളൂ. വിദ്യാര്‍ഥികള്‍ പുസ്തകത്തില്‍ നിന്നു മാത്രമല്ല മ്യൂസിയങ്ങളില്‍ പോയും വിദ്യാഭ്യാസം നേടണമെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു.
‘ഊരാച്ചേരി ഗുരുനാഥന്മാരും കേരളീയ ഗുരുകുല പാരമ്പര്യവും’ എന്ന വിഷയത്തില്‍ കൊയിലാണ്ടി ഗവ. കോളേജ് ചരിത്ര വിഭാഗം അധ്യാപകന് ഡോ. ഇ ശ്രീജിത്ത് സംസാരിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുന്നതിനു മുന്നേ കേരളത്തില്‍ മികച്ച രീതിയിലുള്ള വിദ്യാഭ്യാസ പഠന രീതി നടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഗവേഷണം മികച്ച രീതിയില്‍ നടക്കാത്തതു കൊണ്ടാണ് പഴയകാല വിദ്യാഭ്യാസ പഠനങ്ങള്‍ വര്ത്തമാനകാലത്തിന് മനസ്സിലാക്കാന്‍ കഴിയാത്തത്. കുടിപ്പള്ളിക്കൂട രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ജാതിപരമായ വേര്‍തിരിവ് വളരെ നേര്‍ത്തതായിരുന്നുവെന്ന് രേഖകള്‍ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ് മലയാളം വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെവി മഞ്ജുള ‘ഊരാച്ചേരി ഗുരുനാഥന്മാരും നവോഥാനവും’ എന്ന വിഷയത്തില്‍ സംസാരിച്ചു. സ്ത്രീ മുന്നേറ്റത്തിനും വിദ്യാഭ്യാസമുന്നേറ്റത്തിനും ഗുരുനാഥന്മാര് നിര്‍ണായക പങ്ക് വഹിച്ചുവെന്ന് അവര്‍ പറഞ്ഞു. നിശബ്ദമായി നവകേരളം സൃഷ്ടിക്കായി ആന്തരിക വെളിച്ചം നല്കിയവരാണ് ഗുരുനാഥന്മാര്. ഗുണ്ടര്‍ട്ടിനെ മലയാളം, സംസ്കൃതം പഠിപ്പിച്ചതു പോലെ ഗുണ്ടര്‍ട്ടില്‍ നിന്ന് പഠനം സ്വായത്തമാക്കാനും ഗുരുനാഥന്മാര് ശ്രമിച്ചിട്ടുണ്ടെന്ന് മഞ്ജുള പറഞ്ഞു. പില്ക്കാലത്ത് തലശ്ശേരിക്കുണ്ടായ സാസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് വെളിച്ചമേകാന്‍ ഗുരുക്കന്മാര്ക്ക് കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. മലയാളം സര്‍വകലാശാല പ്രൊഫസര്‍ ഡോ. കെഎം ഭരതന് മോഡറേറ്ററായി. തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേര് പരിപാടിയില്‍ പങ്കെടുത്തു.














