Hivision Channel

ഷാരോണിന്റെ മരണത്തില്‍ വഴിത്തിരിവ്; പെണ്‍കുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. മറ്റൊരു വിവാഹ ഒറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉടന്‍ റൂറല്‍ എസ് പി ഓഫീസിലെത്തും. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള യുവതിയുടെ വീട്ടില്‍ പോയ ഷാരോണ്‍ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്റെ ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, മറ്റൊരാളുമായി ഫെബ്രുവരിയില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാന്‍ വിഷം നല്‍കി കൊന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആദ്യം വിവാഹം കഴിക്കുന്നയാള്‍ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്‌സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോണ്‍ വെട്ടുകാട് പള്ളിയില്‍ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്. ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയില്‍ നിന്ന് ഷാരോണ്‍ നടത്തിയ വാട്‌സാപ്പ് ചാറ്റിലുമുണ്ട് അടിമുടി ദുരൂഹത. വീട്ടില്‍ വന്ന ഓട്ടോക്കാരനും ജ്യൂസ് കുടിച്ചപ്പോള്‍ അസ്വസ്ഥത ഉണ്ടായിരുന്നു എന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. ഇതും ആസിഡോ വിഷമോ ഉള്ളില്‍ ചെന്നതിനാലാവ മെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്.

ഇതിനിടെയാണ് ഈ മാസം ആദ്യം ചലഞ്ചെന്ന പേരില്‍ ഷാരോണും സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. അന്നും അസാധാരണമായി ഷാരോണ്‍ ഛര്‍ദ്ദിച്ചിരുന്നു. അതിന് ശേഷമാണ് പെണ്‍കുട്ടി വീട്ടില്‍വച്ച് കഷായവും ജ്യൂസും നല്‍കിയിരിക്കുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റിന് ഷാരോണ്‍ നല്‍കിയ മൊഴിയില്‍ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. ഷാരോണിന് നല്‍കിയ കഷായത്തിന്റെ പേര് ആദ്യം മറച്ചുവച്ചതിലും പിന്നീട് ലേബല്‍ കീറി കുപ്പി കഴുകി വൃത്തിയാക്കിയെന്ന് സന്ദേശം അയച്ചതിലും കുടുംബം ദുരൂഹത സംശയിച്ചിരുന്നു

Leave a Comment

Your email address will not be published. Required fields are marked *