
ജില്ലാ, സംസ്ഥാനതല കായിക മേളകളിലേക്ക് തളിപ്പറമ്പില്‍ നിന്നും പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ത്രിദിന വിദഗ്ധ പരിശീല ക്യാമ്പ് സംഘടിപ്പിക്കും. തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര കായികാരോഗ്യ പദ്ധതിയുടെ ഭാഗമായി നവംബര്‍ 14, 15, 16 തീയതികളില്‍ മാങ്ങാട്ടുപറമ്പ് സര്‍വകലാശാല ക്യാമ്പസിലാണ് പരിശീലനം നടക്കുക. തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം.
വിദ്യാര്‍ഥികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കാള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. മണ്ഡലത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും കായികക്ഷമത വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് അവലോകന യോഗം ഉദ്ഘാടനം ചെയ്ത് എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. അക്കാദമിക്, അക്കാദമികേതര രംഗത്തെ മികവ് ലക്ഷ്യമിട്ടാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി സമഗ്ര വിദ്യാഭ്യാസ പദ്ധതി മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള പദ്ധതി, കായികാരോഗ്യം വര്‍ധിപ്പിക്കാന്‍ യോഗ പരിശീലനം, കരിയര്‍ ഗൈഡന്‍സ് ഫെസ്റ്റ് തുടങ്ങിവ നടപ്പാക്കി. എല്ലാ മേഖലകളിലും മണ്ഡലത്തിന്റെ മികവ് തെളിയിക്കുകയാണ് ലക്ഷ്യം. സമഗ്ര കായിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി തലത്തില്‍ സംസ്ഥാനത്തെ മികച്ച കായിക ടീമുകളെ വാര്‍ത്തെടുക്കാനുള്ള പിന്തുണ നല്‍കും. ഓരോ ഹയര്‍സെക്കണ്ടറി, ഹൈസ്കൂള്‍ വിദ്യാലയവും ഏതെങ്കിലും ഒരു കായിക ഇനം തെരഞ്ഞെടുത്ത് പരിശീലനം ആരംഭിക്കണം. കുട്ടികളുടെ കായികാരോഗ്യം വര്‍ധിപ്പിക്കുന്നതിന് എല്‍ പി, യുപി സ്കൂള്‍ അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും.
ഭാഷ, ഗണിതം, ശാസ്ത്രം, കല, കായികം, ഐ ടി മേഖലകളിലെ മികവ് തെളിയിക്കാന്‍ അവസരം നല്കുന്ന ‘ഫോക്കസ് ടു എക്സലന്‍സ്’, മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍, കുട്ടികളുടെ അടിസ്ഥാന ശേഷി ഉറപ്പാക്കല്‍ എന്നിവയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പ്രദര്‍ശനങ്ങളും സംവാദങ്ങളും ഉള്‍ക്കൊള്ളുന്ന ടേണിംഗ് പോയിന്റ് 2022-23 ഏപ്രിലില്‍ നടത്തും.
ലഹരി, അന്ധവിശ്വാസങ്ങള്‍ എന്നിവക്കെതിരെ പരീക്ഷണ വണ്ടി, കലാജാഥ, ശാസ്ത്ര നാടകങ്ങള്‍ തുടങ്ങി അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരെ ഐടി അധിഷ്ഠിത പഠനത്തിന് പ്രാപ്തരാക്കാന്‍ ആവശ്യമായ പദ്ധതികളും നടപ്പാക്കും. സമഗ്ര വിദ്യാഭ്യാസ പദ്ധതി വിജയകരമാക്കാന്‍ സ്കൂള്‍,പഞ്ചായത്ത് സമിതികളെ നിയമിക്കും. അധ്യാപകരും ജനപ്രതിനിധികളും വിദ്യാഭ്യാസ വിദഗ്ധരും പിടിഎകളും ഉള്‍പ്പെടുന്ന സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
ധര്‍മ്മശാല ഗവ.എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കണ്ണൂര്‍ ഡി ഡി ഇ വി എ ശശീന്ദ്ര വ്യാസ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കല്‍റ്റി കെ പി രാജേഷ് പദ്ധതി വിശദീകരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ് കുമാര്‍, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, ഹയര്‍ സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി വി വിനോദ്, തളിപ്പറമ്പ് ഡി ഇ ഒ എ എം രാജമ്മ, സമഗ്ര വിദ്യാഭ്യാസ പദ്ധതി തളിപ്പറമ്പ് നിയോജക മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ കെ സി ഹരികൃഷ്ണന്, പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.














