Hivision Channel

കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തണം;സ്പീക്കര്‍ എ എന്‍ ഷംസീര്‍

കണ്ണൂര്‍:വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാന്‍ കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ വലിയചാല്‍ ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രലോകത്തിന്റെ വളര്‍ച്ചയും പുരോഗമന ആശയങ്ങളും വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനും അധ്യാപകര്‍ക്ക് സാധിക്കണം. അതോടൊപ്പം കുട്ടികളിലെ ലഹരി ഉപയോഗം തടയണമെന്നും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് 15 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷം, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് 16 ലക്ഷം എന്നിങ്ങനെ 38 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. മൂന്ന് ക്ലാസ് മുറികളും ഒരു ശുചിമുറി ബ്ലോക്കുമാണ് ഇതിലുള്ളത്.
ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പുതുക്കിയ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സലയും സ്‌കൂള്‍ ചരിത്രത്തിന്റെ ഫോട്ടോ അനാഛാദനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി സുനില്‍കുമാറും നിര്‍വഹിച്ചു. വൈദ്യുതീകരണം വൈസ് പ്രസിഡണ്ട് കെ പത്മിനിയും വായന മുറിയുടെ ഉദ്ഘാടനം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി സത്യപാലനും നിര്‍വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എം വി ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥരം സമിതി അധ്യക്ഷന്‍ കെ വി സുരേഷ് ബാബു, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശശിധരന്‍, പി ഉഷ, പഞ്ചായത്ത് സെക്രട്ടറി കെ മോഹനന്‍, എസ് എം സി ചെയര്‍മാന്‍ രമേശന്‍ ചെറൂട്ട, പ്രധാനാധ്യാപകന്‍ എം എന്‍ പ്രതാപ് കേശവന്‍, സ്‌കൂള്‍ വികസന സമിതി അംഗങ്ങളായ കെ പി കണ്ണന്‍, എന്‍ കെ ഗംഗാധരന്‍, പി രാധാകൃഷ്ണന്‍, സംഘാടകസമിതി ചെയര്‍മാന്‍ സി രമേശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *