ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഭരണഘടനാനുസൃതമെന്ന് എം.ബി രാജേഷ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് അവ്യക്തത ഇല്ലെന്നും ഭരണഘടനാപരമായ അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു. അതേസമയം ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സൂചന നല്‍കി. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഡിനന്‍സ് കണ്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ ദില്ലിയില്‍ പറഞ്ഞു. ഇന്നലെയാണ് ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിന് ഒടുവില്‍ പതിനാല് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗവര്‍ണറെ വെട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സില്‍ രാജ്ഭവന്റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആദ്യം ഓര്‍ഡിനന്‍സ്, പിന്നാലെ ബില്‍ – അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തിയതിയില്‍ ധാരണയുണ്ടാക്കും. സഭ ചേരാന്‍ തീരുമാനിച്ചാല്‍ പിന്നെ ഓര്‍ഡിനന്‍സിന്റെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്പ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവര്‍ണര്‍ അയച്ചാല്‍ ബില്ലില്‍ പ്രതിസന്ധിയുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ ബില്ലിന്റെ കാര്യത്തില്‍ പലതരത്തിലുള്ള നിയമോപദേശങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ട്.