Hivision Channel

latest news

ശബരിമല കാനനപാത; ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ശബരിമല കാനനപാതയിലൂടെയുള്ള പ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം. ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീര്‍ത്ഥാടകരെ കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ വിലക്കിയ നടപടിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരായ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിക്കാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ആചാരപ്രകാരം കാനനപാതയിലൂടെ നിലവിലെ സാഹചര്യത്തില്‍ യാത്ര നടത്താന്‍ അനുവാദം നല്‍കണമെന്നാണ് ഹര്‍ജിയില്‍ കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് ശബരിമലയില്‍ ഹൈക്കോടതി ഉത്തരവിലൂടെ നിയന്ത്രങ്ങള്‍ നടപ്പാക്കിയതില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ നടപ്പാക്കിയ വിവിധ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയിട്ടും കാനനപാതയിലൂടെ നിയന്ത്രണം തുടരുകയാണെന്ന് ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകന്‍ സുവിദത്ത് സുന്ദരം കോടതിയെ അറിയിച്ചു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ മാറ്റം വന്നതിനാല്‍ ഈക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ ഹൈക്കോടതിക്ക് ആകുമെന്നും അതിനാല്‍ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാനും ജസ്റ്റിസി അനിരുദ്ധാ ബോസ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

തോട്ടില്‍ വീണ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു.

കൊട്ടിയൂര്‍: ഇരട്ടത്തോട് തോട്ടില്‍ വീണ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. പേരാവൂര്‍ അഗ്‌നിശമന സേനാ അംഗങ്ങളും സിവില്‍ ഡിഫന്‍സ് അംഗളും ചേര്‍ന്നാണ് ബാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. ഇരിട്ടി തഹസില്‍ദാറും കൊട്ടിയൂര്‍ വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,720 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3890 രൂപയാണ്.

നെടുംപൊയില്‍ – മാനന്തവാടി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു

വനത്തില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് കൂറ്റന്‍ പാറക്കല്ലുകളും മറ്റും വന്നടിഞ്ഞ് ഗതാഗതം തടസപ്പെട്ട നെടുംപൊയില്‍-മാനന്തവാടി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു. 29-ാം മൈലിലും, 26-ാം മൈലിലുമായിരുന്നു കൂറ്റന്‍ പാറകള്‍ ഉള്‍പ്പെടെ ഒഴുകിയെത്തി ഗതാഗതം തടസപ്പെട്ടത്.

കല്ലേരിമലയില്‍ കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു

പേരാവൂര്‍ കാക്കയങ്ങാട് റോഡില്‍ കല്ലേരിമലയില്‍ കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ടകാര്‍ താഴ്ച്ചയിലേക്ക് മറിയുകയായിരിന്നു.

നിടുംപൊയില്‍ സെമിനാരിവില്ലക്ക് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍

നിടുംപൊയില്‍ സെമിനാരിവില്ലക്ക് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍. തലശേരി ബാവലി അന്തര്‍ സംസ്ഥാനപാതയിലെ ചുരം റോഡില്‍ 26-ാം മൈലില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങികിടക്കുന്നു.

പൂളക്കുറ്റി വെള്ളറയില്‍ വീണ്ടും ഉരുള്‍പൊട്ടി

പൂളക്കുറ്റി വെള്ളറയില്‍ വീണ്ടും ഉരുള്‍പൊട്ടി. താഴെവെള്ളറ കോളനിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സ്ഥലത്ത് 2 പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം .

ഓണാഘോഷം സംഘടിപ്പിച്ചു

ബാലസംഘം, ഡി.വൈ.എഫ്.ഐ ഊര്‍പ്പാല്‍ യൂണിറ്റിന്റെയും, യുവജന ഊര്‍പ്പാല്‍ സ്വയം സഹായക സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പി.ആര്‍ സിനേഷിന്റെ അധ്യക്ഷതയില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. ദിനേശ് ബാബു, രഗിന സിനേഷ്, ആദര്‍ശ് രാധാകൃഷ്ണന്‍, കെ.പി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ബാലസംഘം പേരാവൂര്‍ ഏരിയ രക്ഷാധികാരി പി.ഹക്കിം സമ്മാനദാനം നിര്‍വ്വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു.

സോപ്പ് നിര്‍മ്മാണ പരിശീലനവും അനുമോദനവും

നിടുംപുറംചാല്‍ ക്രെഡിറ്റ് യൂണിയന്റെ നേതൃത്വത്തില്‍ സോപ്പ് നിര്‍മ്മാണ പരിശീലനവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും നിടുംപുറംചാല്‍ പള്ളി പാരിഷ് ഹാളില്‍ നടന്നു. യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സജി കോടന്തൂര്‍ അധ്യക്ഷനായി. ക്രെഡിറ്റ് യൂണിയന്‍ പേരാവൂര്‍ പ്രോഗ്രാം കമ്മിറ്റി മാനേജര്‍ ഉഷ ദിനേശന്‍ ക്ലാസ് നയിച്ചു. സെക്രട്ടറി വര്‍ഗീസ് മൂഴയില്‍, വൈസ് പ്രസിഡണ്ട് ബിനോയി വടക്കേടത്ത്, പ്രിയ പറയന്‍തകിടിയില്‍, ആലീസ് പണ്ടാരിക്കുന്നേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുല്യത ക്ലാസുകളുടെ ഇരിട്ടി ബ്ലോക്ക് തല ഉദ്ഘാടനം

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് സാക്ഷരതാ മിഷന്‍, പത്താംതരം തുല്യത പതിനാറാം ബാച്ചിന്റെയും, ഹയര്‍ സെക്കന്‍ഡറി തുല്യത ഏഴാം ബാച്ചിന്റെയും ഇരിട്ടി ബ്ലോക്ക് തല ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജിദ സ്വാദിഖ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശ്രീജന്‍ ടി.വി തുല്യതാ കോഴ്സ് വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഹമീദ്, മോഹനന്‍ എന്‍, ഇരിട്ടി ബ്ലോക്ക് നോഡല്‍ പ്രേരക് ജിജിന എ, ബീനവല്ലി, സിജി എന്നിവര്‍ സംസാരിച്ചു.