Hivision Channel

തെയ്യം കലണ്ടറുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

കണ്ണൂര്‍:തെയ്യങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ കലണ്ടര്‍ പുറത്തിറക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. കാവുകള്‍, തെയ്യങ്ങള്‍ എന്നിവയുടെ വിവരം, തെയ്യം നടക്കുന്ന തീയതി, സമയം, ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള കലണ്ടറിന്റെ പ്രകാശനം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. പൊതുജനങ്ങള്‍, വിനോദ സഞ്ചാരികള്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് ഇത് ഉപകാരപ്രദമാകുമെന്ന് കലക്ടര്‍ പറഞ്ഞു.
കലണ്ടര്‍ ഡിടിപിസിയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പുതുക്കാവുന്ന രീതിയിലാണ് കലണ്ടര്‍ ഒരുക്കിയത്. നിലവില്‍ താലൂക്ക് അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ കാവുകള്‍, വിവിധ തെയ്യങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍, വീഡിയോ, ലൊക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറാണ് സമഗ്ര തെയ്യം കലണ്ടര്‍ എന്ന ആശയം മുന്നോട്ടുവെച്ചത്. അസിസ്റ്റന്റ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത് ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
താല്‍പര്യമുള്ളവര്‍ക്ക് തെയ്യങ്ങള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ 8590855255 എന്ന വാട്‌സ് ആപ്പ് നമ്പര്‍, thayyam@dtpcknr.com എന്ന ഇ-മെയിലില്‍, dtpckannur.com എ ന്ന വെബ്‌സൈറ്റ് എന്നിവ വഴി അറിയിക്കാം. ഡിടിപിസി ഓഫീസില്‍ നേരിട്ടും വിവരങ്ങള്‍ നല്‍കാം. ഫോണ്‍ 04972 706336, 2960336.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ്‌കുമാര്‍, ടൂറിസം വകുപ്പ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ പി കെ സൂരജ്, കെ സി ശ്രീനിവാസന്‍, ഡി ടി പി സി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പി ആര്‍ ശരത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *