
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം, പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ മുഖ്യാതിഥിയാവും. വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും.
വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ നഗരത്തില്‍ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ഘോഷയാത്ര കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് പോലീസ് മൈതാനിയില്‍ സമാപിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപരിപാടികള്‍, ഫുട്ബോള്‍ ടോക്ക്, ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം എന്നിവയും നടക്കും.
കണ്ണൂര്‍ നഗരത്തില്‍ പോലീസ് മൈതാനി, മുനിസിപ്പല്‍ സ്‌കൂള്‍, ദിനേശ് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറിയിലെ രണ്ടു വേദികള്‍, കോളേജ് ഓഫ് കൊമേഴ്സ് എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ആറു വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. 59 ഇനം കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍ നിന്ന് 3500ല്‍ പരം മത്സരാര്‍ഥികള്‍ എത്തിച്ചേരും. രജിസ്ട്രേഷന്‍ ഇന്ന് ഉച്ചക്ക് രണ്ടിന് ആരംഭിക്കും.














