Hivision Channel

വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം കൂടി വരുന്നു; വനിതാ കമ്മീഷന്‍

വാര്‍ധക്യത്തില്‍ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം കേരളത്തില്‍ കൂടി വരുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കണ്ണൂര്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മാതാപിതാക്കളെ സംരക്ഷിക്കുക നിയമത്തിനപ്പുറം മക്കളുടെ കടമയാണ്. ഏഴ് മക്കളുള്ള 82 വയസ്സുള്ള ഒരമ്മയുടെ സംരക്ഷണത്തിന് മക്കള്‍ താല്‍പര്യം കാണിക്കാത്ത ഒരു കേസ് അദാലത്തിലുണ്ടായിരുന്നു. അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുള്ള അവരെ ഒരു മകളും ഭര്‍ത്താവുമാണ് പരിചരിക്കുന്നത്. അമ്മയുടെ സംരക്ഷണത്തിനാവശ്യമായ തുക നല്‍കാന്‍ ആര്‍ ഡി ഒ കോടതിയുടെ വിധിയുണ്ടായിട്ടും ചിലവിനുള്ള കാശു പോലും മറ്റ് മക്കള്‍ നല്കുന്നില്ല. അവര്‍ക്കിപ്പോള്‍ ഹോം നഴ്സിന്റെ സഹായവും ആവശ്യമുണ്ട്. അച്ഛന്റെ മരണശേഷം അമ്മയുടെ പേരിലുള്ള സ്വത്തുക്കള്‍ കൈക്കലാക്കാനാണ് മക്കള്‍ ശ്രമിച്ചത്. അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് രണ്ട് മക്കള്‍ കമ്മീഷനെ അറിയിച്ചു.
ഇതിനു പുറമേ ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ വിള്ളലുകള്‍, അയല്‍പക്ക തര്‍ക്കം, വഴി പ്രശ്നം, വസ്തു തര്‍ക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് ലഭിച്ചത്. ഇതില്‍ വസ്തു തര്‍ക്കം പരിഹരിക്കാന്‍ സിവില്‍ കോടതിക്കാണ് അധികാരം. കമ്മീഷന് മുന്നിലെത്തുന്ന ഇത്തരം പരാതികളില്‍ പരിഹാരം നിര്‍ദേശിക്കുകയാണ് ചെയ്യുക. മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണം. ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജാഗ്രതാ സമിതിക്ക് സംസ്ഥാന തലത്തില്‍ അവാര്‍ഡ് നല്‍കുമെന്നും അവര്‍ പറഞ്ഞു.
അദാലത്തില്‍ 43 പരാതികളാണ് ലഭിച്ചത്. ഇതില്‍ 10 എണ്ണം തീര്‍പ്പാക്കി. അഞ്ച് പരാതികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കമ്മീഷന്‍ പോലീസിനെ ചുമതലപ്പെടുത്തി. കുടുംബ പ്രശ്നങ്ങളില്‍ പരിഹാരം ഉണ്ടായേക്കാവുന്ന മൂന്ന് പരാതിക്കാര്‍ക്ക് ഫാമിലി കാണ്‍സിലിംഗ് നല്‍കാനും നിര്‍ദ്ദേശിച്ചു. 25 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. വനിതാ കമ്മീഷന്‍ അംഗം പി കുഞ്ഞായിഷ, അഭിഭാഷക പാനലിലെ കെ ഷിമ്മി, കെ എം പ്രമീള, ഫാമിലി കൗണ്‍സിലര്‍ മാനസ ബാബു പി, വനിതാ സെല്‍ പ്രതിനിധി എം നിഷ എന്നിവര്‍ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *