Hivision Channel

ബഡ്സ് സ്‌കൂളുകള്‍ ആധുനികവത്കരിക്കണം: മന്ത്രി എം ബി രാജേഷ്

ബഡ്സ് സ്‌കൂളുകളെ ആധുനികവത്കരിച്ച് ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചെറുപ്പറമ്പില്‍ ആരംഭിച്ച കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി കുട്ടികള്‍ക്ക് മറ്റ് കുട്ടികളേക്കാള്‍ അസാധാരണമായ കഴിവുകള്‍ ചില മേഖലകളിലുണ്ട്. അവ കണ്ടെത്തി അതിജീവന ശേഷി ഉറപ്പ് വരുത്താന്‍ സാധിക്കണം. ഭിന്നശേഷി കുട്ടികളോടുള്ള സമൂഹത്തിന്റെ കരുതലാണ് ഇത്തരം മാതൃക ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ട് ക്ലാസ് മുറികള്‍, രണ്ട് ശുചിമുറികള്‍, വിശാലമായ ഹാള്‍, അടുക്കള എന്നിവയാണ് കെട്ടിടത്തിലുള്ളത്. ഡിജിറ്റല്‍ സ്‌ക്രീന്‍, കളിപ്പാട്ടങ്ങള്‍, വീല്‍ചെയര്‍, ഫിസിയോ തെറാപ്പി മുറി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഭാവിയില്‍ കുട്ടികളുടെ ചികിത്സക്കായി തെറാപ്പിസ്റ്റുകളെ നിയമിക്കാനും സ്വയം തൊഴില്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. 2014 ലാണ് കെട്ടിടത്തിന് സ്ഥലം ഏറ്റെടുത്തത്. 2018ല്‍ ശിലാസ്ഥാപനം നടത്തി. 50 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരു അധ്യാപികയെയും ആയയെയും നിയമിച്ചിട്ടുണ്ട്.
ചടങ്ങില്‍ കെ പി മോഹനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി വി പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി പി ശാന്ത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ പി കെ മുഹമ്മദലി, എന്‍ പി അനിത, പി മഹിജ, ബ്ലോക്ക് പഞ്ചായത്തഗംങ്ങളായ സാദിഖ് പാറാട്, ചന്ദ്രിക പതിയന്റെവിട, വാര്‍ഡ് അംഗം ഖദീജ തെക്കയില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ എം സുര്‍ജിത്ത്, ബഡ്സ് സ്‌കൂള്‍ അധ്യാപിക സ്വേതിനി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്‍ സുരേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ഇ കുഞ്ഞബ്ദുള്ള, കരുവാങ്കണ്ടി ബാലന്‍, പി വി മൂസ, ടി കെ ചന്ദ്രന്‍ മാസ്റ്റര്‍, ജി ഷിജിലാല്‍, കെ മുകുന്ദന്‍ മാസ്റ്റര്‍, മൊയ്തു പത്തായത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *