
പുതുവര്‍ഷ പുലരിയില്‍ തലശ്ശേരി പൈതൃക നഗരിയുടെ ഹൃദയത്തുടിപ്പുകളറിയാന്‍ എത്തിയവരുടെ ഉത്സവമായി തലശ്ശേരി ഹെറിറ്റേജ് റണ്‍ സീസണ്‍ ടു. പുരുഷ വിഭാഗത്തില്‍ മഹാരാഷ്ട്ര സ്വദേശി രാമേശ്വര്‍ മുഞ്ജാള്‍ (40 മിനിറ്റ്), വനിതാ വിഭാഗത്തില്‍ കോട്ടയം അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജു (54 മിനിറ്റ്) എന്നിവര്‍ ജേതാക്കളായി. 50,000 രൂപ വീതമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്.
തലശ്ശേരി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 6.30 ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ റണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍, എം എല്‍ എ മാരായ കെ വി സുമേഷ്, എം വിജിന്‍, സജീവ് ജോസഫ്, തലശ്ശേരി നഗരസഭാ അധ്യക്ഷ കെ ജമുനാ റാണി, സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി പൈതൃക ഇടങ്ങളെ ചേര്‍ത്താണ് ഹെറിറ്റേജ് റണ്‍ സീസണ്‍ ടു സംഘടിപ്പിച്ചത്.
പുരുഷ വിഭാഗത്തില്‍ പാലക്കാട് സ്വദേശി കെ അജിത്ത് (45 മിനിറ്റ്) കോഴിക്കോട് സ്വദേശി എം പി നബീല്‍ സാഹി, വനിതാ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി സഫീറ (55 മിനിറ്റ്), കോട്ടയം സ്വദേശി ശരണ്യ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. രണ്ടാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും സമ്മാനിച്ചു. സീനിയര്‍ പുരുഷ വിഭാഗത്തില്‍ 73കാരായ വി വാസു, പി ടി വിജയന്‍, സീനിയര്‍ വനിത വിഭാഗത്തില്‍ 58കാരി ബി എസ് എന്‍ എല്‍ ജീവനക്കാരി കെ ശ്യാമള, കുട്ടികളുടെ വിഭാഗത്തില്‍ കതിരൂര്‍ സ്വദേശി കെ ഗൗതം, പേരാവൂര്‍ സ്വദേശി ശിഖ പ്രശാന്ത്, പ്രത്യേക പരിഗണന വിഭാഗത്തില്‍ ഡി എം സി പ്രതിനിധി സി വി രജനീഷ് എന്നിവര്‍ സമ്മാനങ്ങള്‍ നേടി. ഇന്ത്യയ്ക്ക് പുറത്ത് നിന്നെത്തിയവരടക്കം ആകെ 871 പേരാണ് പങ്കെടുത്തത്-618 പുരുഷന്മാരും 253 സ്ത്രീകളും.
സമ്മാന വിതരണം സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ അധ്യക്ഷതവഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി വിശിഷ്ടാതിഥിയായി. കൗണ്‍സിലര്‍ പുനത്തില്‍ ഫൈസല്‍, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ , ഒന്നാം സമ്മാനം സംഭാവന ചെയ്ത ഫിദല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ സി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
ചരിത്ര പ്രാധാന്യമുള്ള തലശ്ശേരി കോട്ട, ഓവര്‍ബറീസ് ഫോളി, ജവഹര്‍ഘട്ട്, സെന്റ് ആംഗ്ലിക്കന്‍ ചര്‍ച്ച്, പിയര്‍ റോഡ്, താഴെയങ്ങാടി തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് 14 കിലോമീറ്ററാണ് ഓടിയത്. കടന്നുപോയ വഴികളില്‍ എന്‍ എസ് എസ്, എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്സ് വളണ്ടിയര്‍മാര്‍ വെള്ളവും ഗ്ലൂക്കോസും വിതരണം ചെയ്തു. മെഡിക്കല്‍ ടീം, ആബുലന്‍സ് സേവനവും ഉറപ്പു വരുത്തിയിരുന്നു.
തലശ്ശേരിയെ പ്രത്യേക ടൂറിസം കേന്ദ്രമാക്കി ഉയര്‍ത്തുകയും പൊതുജനങ്ങളില്‍ ടൂറിസം അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിനൊപ്പം കായിക മേഖലയെ പ്രോത്സാഹിപ്പിക്കുകയുമാണ് ഹെറിറ്റേജ് റണിന്റെ ലക്ഷ്യം. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ്കൗണ്‍സിലും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.














