Hivision Channel

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കും;
മന്ത്രി പി രാജീവ്

കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിക സ്ഥലം പ്രയോജനപ്പെടുത്തി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ജില്ലയിലെ നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ രംഗത്തെ ഇന്‍ക്യുബേറ്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവ നടത്തുന്ന കണ്ടുപിടിത്തങ്ങളുടെ വ്യവസായ ഉല്‍പാദനത്തിന് കോളജുകളിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളില്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. അതിന് സമാനമായ മറ്റ് വ്യവസായങ്ങള്‍ക്കും ആ സ്ഥലം ഉപയോഗിക്കാം. കുട്ടികള്‍ക്ക് ക്ലാസിന് ശേഷമുള്ള സമയം ഇവിടെ ജോലി ചെയ്യാം. പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നതെങ്കില്‍ അതിന് ക്രെഡിറ്റ് കൊടുക്കാം. ഈ വര്‍ഷം തന്നെ ഇത് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംജി യൂനിവേഴ്സിറ്റിയുടെ ഇരുപതേക്കറിലായിരിക്കും ആദ്യത്തെ പാര്‍ക്ക് നടപ്പിലാക്കാന്‍ പോവുന്നത്. 38 കോളജുകള്‍ ഇതിനകം തന്നെ ഇതിന് തയ്യാറായി സര്‍ക്കാറിനെ സമീപിച്ചതായും മന്ത്രി പറഞ്ഞു.
ഇനി വ്യവസായ വികസനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലം ഉത്തരകേരളമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയുണ്ട്. സ്ഥലവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. കേരളത്തില്‍ ആദ്യത്തെ സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനുള്ള അനുമതി നല്‍കിയത് കണ്ണൂരിലാണ്. സംസ്ഥാനത്ത് എട്ട് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി. വ്യവസായം ശക്തിപ്പെടാതെ കേരളത്തിന്റെ നേട്ടങ്ങള്‍ നിലനിര്‍ത്തുക ദുഷ്‌കരമാണ്. സംരംഭക വര്‍ഷം നല്ല ആത്മവിശ്വാസം നല്‍കി. 17.3 ശതമാനമാണ് നമ്മുടെ വ്യവസായ വളര്‍ച്ച. മൊത്തം സാമ്പത്തിക വളര്‍ച്ച 12 ശതമാനമാണ്. കേരളത്തില്‍ മൊത്തം സാമ്പത്തിക വളര്‍ച്ചയുടെ മുകളിലേക്ക് വ്യവസായ വളര്‍ച്ച അപൂര്‍വ്വമായേ വന്നിട്ടുള്ളൂ. ഉത്പാദന മേഖല 18.9 ശതമാനം വളര്‍ന്നു. ഒരു കുതിപ്പിനുള്ള പരിസരം ഒരുങ്ങിയിട്ടുണ്ട്.
ഉദ്യോഗസ്ഥ രംഗത്തും ട്രേഡ് യൂനിയന്‍ രംഗത്തും മാറ്റം വന്നിട്ടുണ്ട്. എല്ലാ കാലത്തും തലയില്‍ ചുമടെടുക്കാന്‍ പറ്റില്ല. ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ സംരക്ഷിച്ചുകൊണ്ടുതന്നെ പുതിയ രീതികള്‍ കൊണ്ടുവരണം. അതിന് വേണ്ട പരിശീലനം നല്‍കണം. ട്രേഡ് യൂനിയനുകള്‍ റിക്രൂട്ടിംഗ് ഏജന്‍സിയല്ല. തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടി നില്‍ക്കാനും ട്രേഡ് യൂനിയനുകള്‍ക്ക് അവകാശമുണ്ട്. പക്ഷേ, ആര് പണിയെടുക്കണം, ആരെ എടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ഥാപനം നടത്തുന്നവര്‍ക്കുള്ളതാണ്. ഇതാണ് സര്‍ക്കാറിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. നിയമപരമായ വ്യവസായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷയായി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യപ്രഭാഷണം നടത്തി. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത്, എ ബി സി ഗ്രൂപ്പ് ഫൗണ്ടര്‍ ആന്‍ഡ് എംഡി മുഹമ്മദ് മദനി എന്നിവര്‍ വിശിഷ്ടാതിഥികളായി. നഗരസഭാ കൗണ്‍സിലര്‍ വി എന്‍ മുഹമ്മദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ്, കെഎസ്എസ്‌ഐഎ കണ്ണൂര്‍ പ്രസിഡന്റ് ജീവരാജ് നമ്പ്യാര്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, കിന്‍ഫ്ര സോണല്‍ മാനേജര്‍ കെ എസ് കിഷോര്‍കുമാര്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ കെ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
കണ്ണൂരിന്റെ സംരംഭ സാധ്യതകള്‍ എന്ന വിഷയം മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം എംഡി കെ പി രവീന്ദ്രന്‍ അവതരിപ്പിച്ചു. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി കണ്ണൂരിലേക്ക് കടന്നു വരുന്ന പുതിയ പ്രൊജക്ടുകളെക്കുറിച്ച് എഎസ് ഷിറാസ് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം സംരംഭക നിക്ഷേപകര്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുമായും ബാങ്കുകളുടെ പ്രതിനിധികളുമായും മുഖാമുഖം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *