
വയനാട്ടില്‍ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ നടപടി. കുട്ടി ചികിത്സ തേടിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കല്‍ കോളേജിലെ താത്കാലിക ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കുട്ടിയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മാര്‍ച്ച് 22 നാണ് മരിച്ചത്.ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിലും കാരാക്കാമല ഹെല്‍ത്ത് സെന്ററിലും നേരത്തെ കുട്ടി ചികിത്സ തേടിയിരുന്നു. ഇവിടെയുള്ള ജീവനക്കാരും കുട്ടിയെ വേണ്ട രീതിയില്‍ പരിചരിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
സംഭവത്തില്‍ വയനാട് ഡിഎംഒ പ്രാഥമിക അന്വേഷണം നടത്തി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വെള്ളമുണ്ട ഫാമിലി ഹെല്‍ത്ത് സെന്ററിലെ 2 ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായോയെന്ന് കണ്ടെത്താന്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനും അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമായത് കൊണ്ടാണ് മരുന്ന് നല്‍കി വീട്ടിലേക്ക് അയച്ചതെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ വാദം. ഇത് തൃപ്തികരമല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഡോക്ടറെ പിരിച്ചുവിട്ടത്.














