
നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകള്‍ റോളിനായി ശുപാര്‍ശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ.
കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്ത് നിന്നുമാണ് സിനിമയില്‍ എത്തിയത്. മുഹമ്മദ് എന്നാണ് യഥാര്‍ത്ഥ നാമം. കോഴിക്കോടന്‍ സംഭാഷണശൈലിയുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നത്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് , എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1979 ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയില്‍ എത്തിയത്. സിനിമകളില്‍ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്.
1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു. പിന്നീട് സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകള്‍.














