Hivision Channel

ഡോ വന്ദന ദാസിന്റെ കൊലപാതകം; പ്രതി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് നടപടി. നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനാണ് ജി സന്ദീപ്.

നാടിനെ നടുക്കിയ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൂടുതല്‍ കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വെളിയം ഉപജില്ലയിലെ എയ്ഡഡ് സ്‌കൂള്‍ ആയ യുപിഎസ് വിലങ്ങറയില്‍ നിന്ന് തസ്തിക നഷ്ടപ്പെട്ട് സംരക്ഷിതാധ്യാപകനായി 2021 ഡിസംബര്‍ 14 മുതല്‍ കുണ്ടറ ഉപജില്ലയിലെ എയ്ഡഡ് സ്‌കൂള്‍ ആയ യുപിഎസ് നെടുമ്പനയില്‍ ഹെഡ് ടീച്ചര്‍ വേക്കന്‍സിയില്‍ യു പി എസ് ടി ആയി ജോലി നോക്കുകയായിരുന്നു സന്ദീപ്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വകുപ്പ് തല നടപടിയുണ്ടാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. നിയമപരമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് അധ്യാപകനാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *