Hivision Channel

പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി

പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പൊന്നമ്പല മേട്ടില്‍ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസിനോട് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് കോടതിയെ അറിയിച്ചു.

ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടില്‍ എത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. സംഘത്തിലുള്ളവര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെ മൂഴിയാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘത്തിന് സഹായം ചെയ്ത വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തത്. ഇടനിലക്കാരന്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസവും അറസ്റ്റിലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *