
കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള ഉത്തരവിന്റെ കാലാവധി നീട്ടി. മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും അടങ്ങിയ 2022 മെയ് 28ലെ ഉത്തരവിന്റെ സാധുത ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള ഉത്തരവിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍:
പേവിഷബാധയേറ്റ് മരണപ്പെട്ട കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ഷീബാകുമാരിയുടെ മാതാവ് കുഞ്ഞുലക്ഷ്മിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു.
നാല് സര്‍ക്കാര്‍ ലോ കോളേജുകളില്‍ പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം (3), എറണാകുളം( 7), തൃശ്ശൂര്‍ (9), കോഴിക്കോട് (7) എന്നിങ്ങനെ 26 തസ്തികകളാണ് സൃഷ്ടിക്കുക.
റവന്യുഭവന്‍ നിര്‍മ്മാണത്തിനും ഡോ. എപിജെ അബ്ദുള്‍കലാം നോളജ് സെന്റര്‍ ആന്‍ഡ് സ്‌പെയ്‌സ് മ്യൂസിയം സ്ഥാപിക്കുന്നതിനും അനുമതി നല്‍കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട വില്ലേജില്‍ കവടിയാര്‍ കൊട്ടാരം വക മിച്ചഭൂമി ഏറ്റെടുത്ത സ്ഥലമാണ് ഉപയോഗിക്കുക. 100 സെന്റ് ഭൂമി റവന്യുഭവന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കും. 130 സെന്റ് ഭൂമി ഡോ. എപിജെ അബ്ദുള്‍കലാം നോളജ് സെന്റര്‍ ആന്‍ഡ് സ്‌പെയ്‌സ് മ്യൂസിയം സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതിനും അനുമതി നല്‍കി.














