Hivision Channel

കൊവിന്‍ ഡാറ്റ ചോര്‍ച്ച; ബിഹാര്‍ സ്വദേശി അറസ്റ്റില്‍

രാജ്യത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഒരു ബിഹാര്‍ സ്വദേശിയെയാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഐഎഫ്എഫ്എസ്ഒ യൂണിറ്റ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയുടെ അമ്മ ബിഹാറില്‍ ആരോഗ്യ പ്രവര്‍ത്തകയായി ജോലി ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

അമ്മയുടെ സഹായത്തോടെ പ്രതി കൊവിന്‍ പോര്‍ട്ടലിന്റെ വിവരങ്ങള്‍ മോഷ്ടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. പോര്‍ട്ടലിന്റെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കൂടി ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല.

വാക്സിന്‍ സ്വീകരിച്ചവരുടെ ആധാര്‍ വിവരങ്ങള്‍, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സര്‍ക്കാര്‍ പോര്‍ട്ടലായ കൊവിനില്‍ നിന്നുമാണ് ഡാറ്റ ചോര്‍ന്നതെന്നായിരുന്നു ആരോപണം. പിന്നാലെ പോര്‍ട്ടല്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും പുറത്തുവന്ന കണക്കുകള്‍ പഴയതാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഈ കേസിലാണ് നിര്‍ണായക അറസ്റ്റുണ്ടായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *