
വടകര തപാല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 3,80,000 പിഴ ഒടുക്കി മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും. 2011 ല്‍ നടന്ന സംഭവത്തിലാണ് നടപടി. സബ് കോടതിയും ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിയിലാണ് 12 നേതാക്കള്‍ ചേര്‍ന്ന് നഷ്ടപരിഹാരം ഒടുക്കിയത്. പലിശ അടക്കമുള്ള തുകയാണ് അടച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഗണിച്ചാണ് കേസ്. പിഡിപി പി നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസാണിത്. തപാല്‍ വകുപ്പാണ് പരാതിക്കാര്‍.
2011 ജനുവരി 19 ന് വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ ആയിരുന്നു അതിക്രമം ഉണ്ടായത്. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പ്രതിഷേധത്തില്‍ ജനാല ചില്ലുകള്‍, ഓഫീസ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. 2014 ല്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയടക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. പിഴ സഹിതം പണം ഒടുക്കിയില്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്തു പണം ഈടാക്കണമെന്ന് തപാല്‍ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകന് മുഖേന മന്ത്രി മുഹമ്മദ് റിയാസ് പിഴ ഒടുക്കിയത്. ഇനി 40000 രൂപ കൂടി കെട്ടിവക്കണം.














