
വിദ്യാലയങ്ങളില്‍ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പകര്‍ച്ചവ്യാധിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ആരോഗ്യ അസംബ്ലിയുടെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പേരൂര്‍ക്കട ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വൃത്തിയുള്ള സ്‌കൂള്‍ ക്യാമ്പസ് മികച്ച ആരോഗ്യശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ശുചിത്വം പാലിക്കുന്നത് വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും ഉത്തരവാദിത്തബോധവും പരിസ്ഥിതിബോധവും വളര്‍ത്തും. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളില്‍ ഉടമസ്ഥതാബോധം, പരിസ്ഥിതിയോടുള്ള ആദരവ്, സംഘടനാ മികവ്, ശുചിത്വ ശീലങ്ങള്‍ എന്നിവ വികസിക്കും. വൃത്തിയായി പരിപാലിക്കപ്പെടുന്ന ക്യാമ്പസുകള്‍ മികവും പ്രൊഫഷണലിസവും പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുചിത്വം ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ ശീലമാകണമെന്നും ഇതിലൂടെ ഒരു തലമുറ തന്നെ ശുചിത്വ സംസ്‌കാരത്തിന്റെ പതാകവാഹകരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പസുകള്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമാണ് ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം പദ്ധതി. ഇത് ഒരു ദിവസത്തെ പദ്ധതിയല്ലെന്നും വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കുമെന്നും മന്ത്രി അറിയിച്ചു. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള സാഹചര്യം സ്‌കൂള്‍ ക്യമ്പസുകളിലൊരുക്കണം. വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ക്ഷേമത്തിന് ശുചിത്വം പ്രധാനമാണെന്നും വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ അന്തരീക്ഷം സമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും മനോവീര്യവും വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ശുചീകരണയജ്ഞം സമൂഹമാകെ ഏറ്റെടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പനി പടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയങ്ങളില്‍ ശുചീകരണയജ്ഞവും ആരോഗ്യ അസംബ്ലിയും സംഘടിപ്പിച്ചത്. ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.














