
വരയുടെ മാസ്മരികതയാല്‍ മലയാളികളെ വിസ്മയിപ്പിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. രേഖാചിത്രങ്ങള്‍കൊണ്ട് മലയാളിയുടെ സാഹിത്യവായനയെ പുതിയ ആസ്വാദനതലത്തിലേക്കുയര്‍ത്തിയ കലാകാരനാണ് കരുവാട്ട് മന വാസുദേവന്‍ നമ്പൂതിരി എന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി (97). വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.
വരയും ഛായാചിത്രവും ശില്‍പ്പകലയും കലാസംവിധാനവുമുള്‍പ്പെടെ കൈവച്ച മേഖലകളിലെല്ലാം ശോഭിച്ചു. നമ്പൂതിരിയുടെ സ്ത്രീവരകള്‍ ശ്രദ്ധേയമായിരുന്നു. ചരിത്ര കഥാപാത്രങ്ങള്‍ ജീവന്‍തുടിക്കുന്നവയായി അവതരിപ്പിച്ചു. കലാമണ്ഡലത്തിനുവേണ്ടി ഫൈബര്‍ ഗ്ലാസില്‍ചെയ്ത കഥകളി ശില്‍പ്പങ്ങളും ചെമ്പുഫലകങ്ങളില്‍ മഹാഭാരതവും രാമായണവും വിഖ്യാത പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി. ആനുകാലികങ്ങളിലൂടെയുള്ള വരകള്‍ വായനക്കാര്‍ക്ക് സുപരിചിതമാണ്.
2004ല്‍ കേരള ലളിതകലാ അക്കാദമി രാജാ രവിവര്‍മ പുരസ്‌കാരം നല്‍കി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര (ഉത്തരായനം)വും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കഥകളി കലാകാരന്‍മാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരവും ശ്രദ്ധയമാണ്. ആത്മകഥാംശമുള്ള ‘രേഖകള്‍’ പുസ്തകം പുറത്തിറങ്ങി. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനാണ്.














