Hivision Channel

പാനൂര്‍ ചിറ്റരിത്തോട് ചെറുപറമ്പിൽ പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി

ചിറ്റരിത്തോട് ചെറുപറമ്പിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി. കക്കോട്ട് വയലിലെ രയരോത്ത് മുസ്തഫയുടെ മകൻ സിനാൻ (20) ആണ് മരിച്ചത്. കൂടെ കാണാതായ ജാതികൂട്ടം തട്ടാന്റവിട മൂസയുടെ മകൻ മുഹമ്മദ് ഷഫാദിന്റെ(20) മൃതദേഹം വ്യാഴാഴ്ച രാത്രി കണ്ടെത്തിയിരുന്നു. മഴവെള്ളം ഇറങ്ങിതുടങ്ങിയതോടെ ജില്ലയിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ അടച്ചു. നിലവിൽ ഒന്ന് മാത്രമാണ് പ്രവർത്തിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരെയും കാണാതായത്. ചെറുപ്പറമ്പ് ഫിനിക്സ് ലൈബ്രറിക്ക് പിറകുവശത്തെ ചേലക്കാട് പുഴയിൽ പ്രദേശത്തെ അഞ്ച് കുട്ടികൾ കുളിക്കാൻ വന്നതായിരുന്നു. ഇതിനിടെ വഴുതി വീണ മുഹമ്മദ് ഷഫാദിനെ സിനാൻ രക്ഷിക്കാൻ ഇറങ്ങി. രണ്ട് പേരും മുങ്ങുന്നത് കണ്ട് കൂടെയുള്ളവർ ഒച്ച വെക്കുകയായിരുന്നു. പരിസരവാസികൾ എത്തിയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും ഫയർഫോഴ്സും ഏറെ നേരം പരിശ്രമിച്ചാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മരിച്ച മുഹമ്മദ് ഷഫാദ് കല്ലിക്കണ്ടി എൻ എ എം കോളജ് മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. നാട്ടുകാരും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. കെ പി മോഹനൻ എം എൽ എ, കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ ലത, വൈസ് പ്രസിഡണ്ട് എൻ അനിൽകുമാർ തുടങ്ങിയ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *