
കെ.എസ്.ചിത്രയ്ക്ക് ഇന്ന് 60ാം പിറന്നാള്‍.ശ്രുതിമധുരമായ ഗാനാലാപനവുമായി പത്മശ്രീ കെ.എസ്.ചിത്ര ആരാധകരെ ഇപ്പോഴും കോരിത്തരിപ്പിക്കുകയാണ്.
യുവജനോത്സവ വേദിയില്‍ നിന്ന് പിന്നണിഗാനരംഗത്തെത്തിയ കെ.എസ്. ചിത്ര തുടക്കം മുതല്‍ തന്നെ വേറിട്ട ശബ്ദത്തിനുടമയായിരുന്നു.കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. ഡോ.കെ.ഓമനക്കുട്ടിയുടെ ശിഷ്യയായി സംഗീതലോകത്തെത്തിയ ചിത്രയെ എം.ജി.രാധാകൃഷ്ണനാണ് സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് . പതിനാലാമത്തെ വയസിലാണ് രജനീ പറയൂ എന്ന പാട്ടുമായി ചിത്ര സിനിമയിലെത്തുന്നത്. പുതുതായി വന്ന പാട്ടുകാരിയാണെന്ന തോന്നലൊന്നും ചിത്രയുടെ പാട്ടുകേട്ട് ആരാധകര്‍ക്ക് തോന്നിയില്ല. അത്രയ്ക്കും മനോഹരമായാണ് അവര്‍ സിനിമയില്‍ പാടിയിരിക്കുന്നത്.
1985ല്‍ പിന്നണി ഗായികയ്ക്കുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം. പിന്നെ ആ നേട്ടം തുടര്‍ച്ചയായി പത്തുവര്‍ഷം. ഇതുവരെ 16 തവണ സംസ്ഥാന പുരസ്‌കാരം. ആറു തവണ ദേശീയ പുരസ്‌കാരം. 2005ല്‍ പത്മശ്രീയും 2021 ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു.
1988 ലാണ് തമിഴ്‌നാടിന്റെ മികച്ച ഗായികക്കുളള പുരസ്‌കാരം ആദ്യമായി ചിത്രക്ക് ലഭിക്കുന്നത്. അഗ്‌നി നച്ചത്തിരം എന്ന ചിത്രത്തിലെ നിന്നുകൂരി വര്‍ണം എന്ന ഗാനത്തിനായിരുന്നു അത്. 1990 ല്‍ കിഴക്കുവാസലിലെ വന്തതേയ് കുങ്കുമം, 1995 ല്‍ ബോംബെയിലെ കണ്ണാളനേ, 2004 ല്‍ ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനങ്ങള്‍ക്കും തമിഴ്‌നാട് പുരസ്‌കാരം ചിത്രയ്ക്ക് ലഭിച്ചു.
11 തവണയാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മികച്ച ഗായികക്കുളള നന്ദി പുരസ്‌കാരം ചിത്രയ്ക്ക് ലഭിച്ചത്. കര്‍ണാടക, ഒഡീഷ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളുടെയും മികച്ച ഗായികക്കുളള പുരസ്‌കാരവും ചിത്രക്ക് ലഭിച്ചിട്ടുണ്ട്.














