Hivision Channel

തിരുവോണം ബമ്പര്‍;ജില്ലയില്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു

കണ്ണൂര്‍:സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വില്‍പന എഡിഎം കെ കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. വലിയ സമ്മാനത്തുക നല്‍കുന്നതിനൊപ്പം നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം കൂടിയാണ് ലോട്ടറിയെന്ന് അദ്ദേഹം പറഞ്ഞു. 25 കോടി രൂപയാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്ക് നല്‍കും (ഓരോ പരമ്പരയിലും രണ്ട് സമ്മാനം). നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്ക്. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്ക് നല്‍കും. 125.54 കോടി രൂപയാണ് ആകെ സമ്മാനത്തുക. ജില്ലയില്‍ ഇത്തവണ മൂന്നര ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വില്‍പന നടത്തുന്നത്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 20ന് നറുക്കെടുപ്പ് നടക്കും.
കണ്ണൂര്‍ പിആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ ഹരികൃഷ്ണന്‍ അധ്യക്ഷനായി. അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി എം ബീന, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ടി പ്രദീപന്‍, ജില്ലാ ഭാഗ്യക്കുറി ജൂനിയര്‍ സൂപ്രണ്ട് പി കെ ദീപേഷ് കുമാര്‍, പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ ഭാസ്‌കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ട്രേഡ് യൂണിയന്‍ നേതാക്കളായ ടി നാരായണന്‍, എന്‍ സി ധനരാജ്, ഭാഗ്യക്കുറി ഓഫീസ് ജീവനക്കാര്‍, ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *