
ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷയില്‍ മികച്ച വിജയം നേടിയ വിവിധ മേഖലയിലുള്ളവരെ ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പല കാരണങ്ങളാല്‍ പാതിവഴിയില്‍ പഠനം മുടങ്ങിയ തലശ്ശേരി വടക്കുമ്പാടെ ഇര്‍ഷത്തുല്‍ ഇര്‍ഷാന, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ്, പിണറായിലെ എം സദാനന്ദന്‍, ചെറുതാഴം ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഇ വസന്ത എന്നിവരെയാണ് അനുമോദിച്ചത്.
പ്ലസ് വണ്ണില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഇര്‍ഷാനക്ക് വിവാഹത്തിന് ശേഷം പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാതിവഴിയില്‍ മുടങ്ങിയ പഠനം വീണ്ടും തുടര്‍ന്നു. ഹയര്‍ സെക്കണ്ടറി തുല്യതയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്. ഇപ്പോള്‍ ഇഗ്‌നോ സര്‍വകലാശാലയില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ബിരുദ വിദ്യാര്‍ഥിയാണ് ഇര്‍ഷാന. രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനായ എം സദാനന്ദന്‍ 65ാം വയസിലാണ് ഹയര്‍ സെക്കണ്ടറി തുല്യത പാസായത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത്, സാക്ഷരത മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസി. കോ ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ എന്നിവര്‍ സംസാരിച്ചു.














