Hivision Channel

വരള്‍ച്ച പ്രതിരോധം; തദ്ദേശസ്ഥാപനങ്ങള്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കണം

കണ്ണൂര്‍:വരള്‍ച്ച പ്രതിരോധിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശികതലത്തില്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ച് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. ഏതൊക്കെ ഇടങ്ങളില്‍ തടയണകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന വിവരങ്ങളടങ്ങിയ പ്രൊപോസല്‍ തദ്ദേശസ്ഥാപനങ്ങള്‍ ജലസേചന വകുപ്പില്‍ സമര്‍പ്പിക്കണം. മാവോയിസ്റ്റ് സാന്നിധ്യമുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ ജലഅതോറിറ്റി സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. വിവിധ തദ്ദേശസ്ഥാപനങ്ങള്‍ പരാതികള്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ആരോഗ്യ ഗ്രാന്റ് പ്രൊജക്റ്റുകള്‍ക്ക് യോഗം അംഗീകാരം നല്‍കി. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ജില്ലയിലെ പുരോഗതി വിലയിരുത്തി. യൂസര്‍ഫീ ശേഖരണത്തില്‍ 90- 100 ശതമാനം നേട്ടം കൈവരിച്ച തദ്ദേശസ്ഥാപനങ്ങളെ അഭിനന്ദിച്ചു.
ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ഷീ-ഹെല്‍ത്ത് ക്യാമ്പയിനുമായി തദ്ദേശ സ്ഥാപനങ്ങള്‍ സഹകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
കൂത്തുപറമ്പ് നഗരസഭയുടെ കരട് മാസ്റ്റര്‍പ്ലാന്‍ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അംഗീകരിച്ചു. കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ ഉച്ചഭക്ഷണ വില പുനര്‍നിര്‍ണയത്തിനും മേല്‍നോട്ടത്തിനുമായി ഉപസമിതി രൂപീകരിക്കും. മറ്റൊരു തീരുമാനം വരെ നിലവിലെ വിലനിലവാരം തുടരും.
ഡി പി സി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ഡി പി സി അംഗങ്ങളായ അഡ്വ. ബിനോയ് കുര്യന്‍, അഡ്വ. കെ കെ രത്നകുമാരി, വി ഗീത, കെ താഹിറ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *