Hivision Channel

കുട്ടികളിലെ കുഷ്ഠരോഗബാധ; ബാലമിത്ര 2.0 ക്യാമ്പയിന്‍ തുടങ്ങുന്നു

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലേ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെ ബാലമിത്ര 2.0 ക്യാമ്പയിന്‍ നടപ്പിലാക്കുന്നു. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലേ കണ്ടുപിടിച്ച് വിവിധൗഷധ ചികിത്സ ലഭ്യമാക്കുക, കുഷ്ഠരോഗം വൈകല്യം സംഭവിച്ച കുട്ടികള്‍ ഇല്ലാത്ത നിലവിലെ അവസ്ഥ നിലനിര്‍ത്തുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ പുതുതായി കണ്ടുപിടിച്ച കുഷ്ഠരോഗബാധിതരില്‍ കുട്ടികളുടെ എണ്ണം കൂടുതലായിരുന്നു. സമൂഹത്തില്‍ സക്രിയ രോഗവ്യാപനം നടന്നുകൊണ്ടേയിരിക്കുന്നു എന്നതിന്റെ സൂചനയാണ് കുട്ടികളുടെ രോഗബാധ എന്നതിനാലാണ് ബാലമിത്ര 2.0 ക്യാമ്പയിന്‍.
രോഗബാധ തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ വൈകല്യം സംഭവിക്കാന്‍ ഇടയാകും. കൂടാതെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗബാധിതരില്‍ ഭൂരിഭാഗവും രോഗാണു സാന്ദ്രത കൂടിയ മള്‍ട്ടി ബാസിലറി വിഭാഗത്തില്‍ പെടുന്നു. അത്തരം രോഗികള്‍ക്ക് വൈകല്യം വരാനുള്ള സാധ്യത കൂടുതലാണെന്നതിന് പുറമെ അവര്‍ മറ്റുള്ളവര്‍ക്ക് രോഗം പകര്‍ത്തുകയും ചെയ്യും.
2023 ഏപ്രില്‍ മുതല്‍ ഇതുവരെ കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒമ്പത് പേര്‍ക്ക് രോഗാണുസാന്ദ്രത കൂടിയ മള്‍ട്ടി ബാസിലറി വിഭാഗത്തില്‍പെടുന്ന കുഷ്ഠ രോഗമാണ്. മൂന്ന് പേര്‍ക്ക് രോഗാണുസാന്ദ്രത കുറഞ്ഞ പോസി ബാസിലറി കുഷ്ഠരോഗം. മറ്റ് വിഭാഗത്തില്‍ ഒന്നും. ഇവരെല്ലാവരും മുതിര്‍ന്നവരാണ്. നിലവില്‍ ജില്ലയില്‍ 52 പേര്‍ കുഷ്ഠരോഗ ചികിത്സയിലുണ്ട്. ഇതില്‍ 43 കേസ് മള്‍ട്ടി ബാസിലറിയും ഒമ്പത് കേസ് പോസി ബാസിലറിയുമാണ്. ഈ 52 പേരില്‍ രണ്ട് രോഗികള്‍ കുട്ടികളാണ്. ഒന്ന് മള്‍ട്ടി ബാസിലറിയും ഒന്ന് പോസി ബാസിലറിയുമാണ്.

സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെ നടക്കുന്ന ബാലമിത്ര 2.0 ക്യാമ്പയിന്റെ ഭാഗമായി മൂന്ന് വയസ്സ് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള സ്‌കൂള്‍, അംഗന്‍വാടി കുട്ടികളുടെ ത്വക്ക് പരിശോധന നടത്തും. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് എന്നിവര്‍ പരിശീലനം നല്‍കും. അംഗന്‍വാടി വര്‍ക്കര്‍മാര്‍ അവരുടെ പ്രവര്‍ത്തന പരിധിയിലെ കുട്ടികളുടെ മാതാപിതാക്കളെ ബോധവത്കരിച്ച് രോഗബാധ സംശയിക്കുന്ന കുട്ടികളുടെ പട്ടിക തയ്യാറാക്കി ആരോഗ്യ പ്രവര്‍ത്തകരെ ഏല്‍പ്പിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ ഈ കുട്ടികളുടെ വീടുകളിലെത്തി രോഗബാധ സംശയിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും പരിശോധിച്ച് തുടര്‍ന്നുള്ള രോഗനിര്‍ണയവും ചികിത്സയും ഉറപ്പ് വരുത്തും. രോഗബാധിതരായ കുട്ടികളുടെ ചികിത്സയും തുടര്‍ നിരീക്ഷണവും അംഗന്‍വാടി വര്‍ക്കറും ആരോഗ്യ പ്രവര്‍ത്തകരും ഉറപ്പ് വരുത്തും.
മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഴുവന്‍ സ്‌കൂളുകളിലെയും അധ്യാപര്‍ക്ക് പരിശീലനം നല്‍കും. പരിശീലനം സിദ്ധിച്ച ക്ലാസ് ടീച്ചര്‍ അവരുടെ ക്ലാസിലെ കുട്ടികള്‍ക്ക് കുഷ്ഠരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെക്കുറിച്ചും കുഷ്ഠരോഗമാണെന്ന് എപ്പോള്‍ സംശയിക്കണം എന്നതിനെ കുറിച്ചും 10 മിനിറ്റ് സമയം ബോധവത്കരണം നടത്തും. തുടര്‍ന്ന് കുട്ടികള്‍ സ്വയം പരിശോധനയോ രക്ഷിതാക്കളുടെ സഹായത്തോടെയുള്ള പരിശോധനയോ നടത്തി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആ വിവരം ക്ലാസ് അധ്യാപകന്‍/അധ്യാപികയെ അറിയിക്കാന്‍ ആവശ്യപ്പെടും. ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്ന കുട്ടികളുടെ ലിസ്റ്റ് അധ്യാപകര്‍ അതത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറും. ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടികളുടെ വീടുകളിലെത്തി പരിശോധിച്ച് തുടര്‍ന്നുള്ള രോഗനിര്‍ണയവും ചികിത്സയും ആരോഗ്യ സ്ഥാപനങ്ങള്‍ വഴി ഉറപ്പ് വരുത്തും.
ക്യാമ്പയിനുമായി ബന്ധപ്പെട്ട ഇന്റര്‍ സെക്ടറല്‍ യോഗം അസി. കലക്ടര്‍ അനൂപ് ഗാര്‍ഗിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. ഡിഎംഒ ഡോ. എം പി ജീജ, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. കെ ടി രേഖ, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *