
കനത്തമഴയിലും ശബരിമല സന്നിധാനത്ത് ഇന്നലെ ദര്‍ശനം നടത്തിയത് 35,000 തീര്‍ഥാടകര്‍. കനത്ത മഴയെ തുടര്‍ന്ന് നിലയ്ക്കല്‍ പമ്പ ശബരിമല പാതയിലും ജാഗ്രതാ നിര്‍ദേശം ഉണ്ട്. ഇന്ന് 47,000 പേരും നാളെ 65,000 പേരും ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.
അതേസമയം സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറു വയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവ കൂടുതല്‍ പാമ്പു പിടുത്തക്കാരെ വിന്യസിക്കാന്‍ വനം വകുപ്പ് തീരുമാനം. തിരുവനന്തപുരം കാട്ടാകട സ്വദേശി പ്രശാന്തിന്റെ മകള്‍ നിരഞ്ജന (6) ക്കാണ് സ്വാമി അയ്യപ്പന്‍ റോഡ് ഒന്നാം വളവില്‍ വച്ച് പുലര്‍ച്ചെ നാലിനു പാമ്പുകടി ഏറ്റത്.
കുട്ടിയെ ഉടനടി പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കിയ ശേഷം കൂടുതല്‍ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം ആണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അണലിയുടെ കടിയാണ് ഏറ്റത് എന്നാണ് നിഗമനം.
കാനന പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടാകാതെ ഇരിക്കുവാനുള്ള നടപടികള്‍ വനം വകുപ്പ് അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ രണ്ടു പാമ്പു പിടുത്തക്കാര്‍ വനം വകുപ്പിന്റേതായി സേവനം നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന്ന അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടു പേരെ കൂടി അധികം വിന്യസിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട് എന്ന് ഫോറെസ്‌റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.
മഴയും കാലാവസ്ഥ വ്യതിയാനവും മനസിലാക്കി അയ്യപ്പന്മാര്‍ കൂടുതകള്‍ ജാഗ്രത പുലര്‍ത്തണം എന്ന് വനം വകുപ്പ് നിര്‍ദേശിച്ചു.














