Hivision Channel

പകര്‍ച്ചവ്യാധി; ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകള്‍ക്കും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം യാത്ര ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. യാത്ര ചെയ്യേണ്ടി വന്നാല്‍ അവിടങ്ങളില്‍ തങ്ങുന്നതിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും നിര്‍ദേശമുണ്ട്. മഞ്ഞ കാറ്റഗറിയില്‍ പെടുത്തിയ തായ്ലന്‍ഡ്, എല്‍സാല്‍വഡോര്‍, ഹോണ്ടുറാസ്, നേപ്പാള്‍, മൊസാംബിക്, സൗത്ത് സുഡാന്‍, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോണ്‍, ഇന്ത്യ, എത്യോപ്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ഘാന, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും ചുവപ്പ് കാറ്റഗറിയില്‍ പെടുത്തിയ സിംബാബ്വെയിലേക്കുമാണ് യാത്രക്ക് നിയന്ത്രണം വേണമെന്ന് നിര്‍ദേശമുള്ളത്.

കോളറ, ഡെങ്കിപ്പനി, നിപ്പ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളന്‍ പനി എന്നിവയാണ് മഞ്ഞ കാറ്റഗറിയായി പരാമര്‍ശിച്ചിരിക്കുന്ന രാജ്യങ്ങളില്‍ നിലവില്‍ പടരുന്ന രോഗങ്ങള്‍. പോളിയോ, മലേറിയ, കൊവിഡ് എന്നിവ ഈ രാജ്യങ്ങളില്‍ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു. ജാപ്പനീസ് എന്‍സെഫലൈറ്റിസ്, മലേറിയ, സിക്ക പനി, ലീഷ്മാനിയാസിസ്, കോളറ, ഡെങ്കിപ്പനി എന്നിവ പടര്‍ന്നുപിടിച്ചത് കൊണ്ടാണ് സിംബാബ്വെയെ ചുവപ്പ് കാറ്റഗറിയില്‍ പെടുത്തിയത്.അത്യാവശ്യമായി ഈ രാജ്യങ്ങളില്‍ പോകുന്നവര്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ അതോറിറ്റി നിര്‍ദേശിച്ചു. രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക, രോഗബാധിതനായ വ്യക്തിയെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കുക, രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുത്, ഭക്ഷണ പാത്രങ്ങള്‍ പങ്കിടരുത്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം, താമസത്തിന്റെ ദൈര്‍ഘ്യം കുറക്കണം, ഇടകലര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരിക്കുക, പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ നടപടികള്‍ പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *