കേരളത്തില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി റെജി ചെറിയാന്‍ പക്ഷം കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തേക്ക് ചേരാനാണ് നീക്കം നടക്കുന്നത്. മുന്‍പ് തര്‍ക്കമുണ്ടായപ്പോള്‍ പി സി ചാക്കോയ്ക്ക് ഒപ്പം നിന്ന ഒരു കൂട്ടംപേരാണ് പാര്‍ട്ടി വിട്ടത്. ജോസഫ് വിഭാഗവുമായി ഇവര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ലയനം അടുത്ത മാസമുണ്ടാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പി സി ചാക്കോ സ്ഥാനം കൊടുത്തതെല്ലാം പാര്‍ട്ടിയ്ക്ക് പുറത്തുള്ളവര്‍ക്കാണെന്നാണ് ഈ വിഭാഗത്തിന്റെ ഇപ്പോഴത്തെ വിമര്‍ശനം. തോമസ് കെ തോമസ്- പി സി ചാക്കോ തര്‍ക്കത്തില്‍ റെജി ചെറിയാന്‍ പി സി ചാക്കോയ്ക്ക് ഒപ്പമായിരുന്നു.
പാര്‍ട്ടിയില്‍ ഒരേ ആളുകള്‍ അധികാരം പങ്കിടുന്നുവെന്നാണ് പാര്‍ട്ടി വിടുന്ന നേതാക്കളുടെ വിമര്‍ശനം. പാര്‍ട്ടിയില്‍ ഇപ്പോള്‍ വാളെടുക്കുന്നവര്‍ എല്ലാവരും വെളിച്ചപ്പാടുകളാണ് എന്ന അവസ്ഥയാണ്. സംഘടന എന്താണെന്ന് അറിയുന്ന ഒരാള്‍ പോലും ഇപ്പോള്‍ ഈ പാര്‍ട്ടിയില്‍ തുടരുന്നില്ല. 40 വര്‍ഷത്തോളം പാര്‍ട്ടിയ്‌ക്കൊപ്പം നിന്നവര്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്.