Hivision Channel

എംപോക്‌സ് കേസുകള്‍ കൂടും; എല്ലാ ജില്ലകളിലും കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കണം,ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൂടുതല്‍ എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എല്ലാ ജില്ലകളിലും കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തലയോഗത്തിലാണ് തീരുമാനം. രോഗം സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്, വിദേശത്തുനിന്ന് യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും രോഗലക്ഷണം ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണമെന്നും മന്ത്രി വിശദമാക്കി.

അതേസമയം, യുഎഇയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എംപോക്‌സ് കേസാണിത്.നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ 38 വയസ്സുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. ഇത് എംപോക്‌സിന്റെ പുതിയ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വകഭേദമാണിതെന്നും റിപ്പോര്‍ട്ടുണ്ട്.

എയര്‍പോര്‍ട്ടുകളിലുള്‍പ്പെടെ അവബോധം ശക്തിപ്പെടുത്തണം. കോവിഡ് 19 , എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സ എന്നിവയെപ്പോലെ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ രോഗപ്പകര്‍ച്ചക്കുള്ള സാധ്യത വളരെയേറെയാണ്.

ത്വക് രോഗ വിദഗ്ധരുടെ യോഗം ചേര്‍ന്നിരുന്നു. ഐഎംഎയുടെ സഹകരണത്തോടെ സ്വകാര്യ മേഖലയിലെ ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, ഡെര്‍മറ്റോളജിസ്റ്റ് എന്നിവരെ കൂടി ഉള്‍പ്പെടുത്തി യോഗം ചേരും. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയോടെയിരിക്കണം. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിന് ഫീല്‍ഡ് ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ഉടനെ വിളിച്ച് ചേര്‍ക്കും.

Leave a Comment

Your email address will not be published. Required fields are marked *