പേരാവൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് ആസുപത്രി സംരക്ഷണസമിതിയും ജനകീയസമിതിയും മാര്‍ച്ച് നടത്തി. താലൂക്കാശുപത്രിക്കനുവദിച്ച ഓക്സിജന്‍ പ്ലാന്റ് ഉടന്‍ സ്ഥാപിക്കുക,ആശുപത്രി ഭൂമി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുക, ബഹുനില കെട്ടിട നിര്‍മാണം ഉടനാരംഭിക്കുക, അടിയന്തരമായി അനസ്തേഷ്യ ഡോക്ടര്‍മാരെ നിയമിക്കുക, പ്രസവ ചികിത്സ പുനരാരംഭിക്കുക, താലൂക്കാശുപത്രിയെ നശിപ്പിക്കുന്ന എച്ച്.എം.സി അംഗങ്ങളെ കമ്മറ്റിയില്‍ നിന്ന് പുറത്താക്കുക, വികസന വിരോധികളെ ഒറ്റപ്പെടുത്തുക എന്നീ പ്ലക്കാര്‍ഡുകളുമായാണ് ജനകീയ മാര്‍ച്ച് നടത്തിയത്. പേരാവൂര്‍ ടൗണ്‍ ചുറ്റി ബ്ലോക്ക് ഓഫീസിനു മുന്നിലെത്തിയ മാര്‍ച്ച് ഗേറ്റിനു സമീപം പോലീസ് തടഞ്ഞു. പൊതുപ്രവര്‍ത്തകനായ ബേബി കുര്യന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.സതീശന്‍, തെയ്യമ്പാടി രാജു, വി.സുനില്‍ കുമാര്‍, ആനന്ദന്‍, ചക്ക്യത്ത് കൃഷ്ണന്‍, പി.പി.അനില്‍ കുമാര്‍, അശോകന്‍ മട്ടാങ്കോട്ട്, കെ.അജിത്ത്കുമാര്‍, സുനീര്‍ കാഞ്ഞിരപ്പുഴ, ഹരി, വിജേഷ്, ചക്ക്യത്ത് അനില്‍ കുമാര്‍, എം വത്സന്‍ ഞണ്ടാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശുപത്രി മാനേജിംഗ് കമ്മറ്റിയിലെ ചിലര്‍ ചേര്‍ന്ന് ആശുപത്രി വികസനം അട്ടിമറിക്കുന്നതിനെതിരെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്ത് വരാതിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സംഘടിച്ച് ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തിയത്.