ശബരിമലയില്‍ 12 ദിവസം കൊണ്ട് 9 ലക്ഷം ഭക്തര്‍ എത്തി. 9,13,437 ഭക്തര്‍ 12 ദിവസം കൊണ്ട് എത്തിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.5 ലക്ഷം ഭക്തര്‍ അധികമെത്തിയെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി. 12 ദിവസം കൊണ്ട് 5.89 കോടി അധിക വരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം ശബരിമലയിലെത്തുന്ന കുട്ടികളുടെ സുഗമദര്‍ശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബേര്‍ഡ് കഴിഞ്ഞവര്‍ഷം ആരംഭിച്ച പ്രത്യേക ഗേറ്റ് സംവിധാനം തീര്‍ത്ഥാടകര്‍ക്ക് ആശ്വസമാവുകയാണ്. കൊച്ചയ്യപ്പന്മാര്‍ക്കും കൊച്ചുമാളികപ്പുറങ്ങള്‍ക്കും പതിനെട്ടാം പടി കയറി മുകളിലെത്തിയശേഷം ഫ്ളൈഓവര്‍ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ഭഗവാന്റെ മുന്നിലേക്ക് നേരിട്ട് എത്താം.
ദര്‍ശനത്തിനായുള്ള ആദ്യ നിരയിലാണ് ഇവര്‍ക്ക് സ്ഥാനം ലഭിക്കുക. കുട്ടികളെയും അവര്‍ക്കൊപ്പമുള്ള ഒരു രക്ഷാകര്‍ത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്. വയോജനങ്ങളും ഭിന്നശേഷിക്കാരും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.
പമ്പയില്‍ നിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് ഒത്തിരിനേരം ക്യു നില്‍ക്കേണ്ട സാഹചര്യമാണ് ഒഴിവാകുന്നത്. ഈ സൗകര്യം തീര്‍ത്ഥാടകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.