Hivision Channel

ബാറുകള്‍ മദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏര്‍പ്പെടുത്തണം; നിര്‍ദ്ദേശവുമായി എം വി ഡി

സംസ്ഥാനത്തെ ബാറുകള്‍ക്ക് നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. മദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏര്‍പ്പാടാക്കണം. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്‌സിനോട് നിര്‍ദ്ദേശം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കുലറില്‍ ഉള്ളത്.

സര്‍ക്കുലര്‍ അനുസരിക്കാത്ത കസ്റ്റമേഴ്‌സിന്റെ വിവരങ്ങള്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കൈമാറണം. ഡ്രൈവര്‍മാരെ നല്‍കുന്നതിന്റെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും എംവിഡി വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആണ് നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം ഗതാഗത നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താന്‍ തീരുമാനം. ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും. വാഹനാപകടം കുറക്കാനുള്ള പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് സംയുക്ത പരിശോധനയുടെ ഭാഗമായാണ് നടപടി. പൊലീസ് -മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു.

സംസ്ഥാനത്തെ ബ്ലാക്ക് സ്‌പോട്ടുകളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന പരിശോധനകളില്‍ ആയിരക്കണക്കിന് നിയമലംഘനങ്ങളാണ് ഒറ്റദിവസംകൊണ്ട് മാത്രം കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ദേശീയപാത കേന്ദ്രീകരിച്ചാണ് ചെക്കിങ് നടത്തുന്നത്.റോഡുകളിലൂടെ പോകുന്ന നൂറ് വാഹനങ്ങളില്‍ 10 എണ്ണമെങ്കിലും നിയമം പാലിക്കാതെയാണ് യാത്ര.

അപകട മേഖലകള്‍ കേന്ദ്രീകരിച്ചാണ് തുടക്കത്തില്‍ പരിശോധന നടത്തുക. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനം ഓടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സര്‍വീസ് നടത്തുക തുടങ്ങിയവയ്ക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവര്‍മാരെ കൂടുതല്‍ സുരക്ഷാ ബോധമുള്ളവരാക്കി അപകടങ്ങള്‍ കുറക്കുന്നതിനുള്ള ബോധവല്‍കരണ പരിപാടികളും പരിശോധനയുടെ ഭാഗമായി നടക്കും.

Leave a Comment

Your email address will not be published. Required fields are marked *