Hivision Channel

2025 ജനുവരി 1 മുതല്‍ ലോകം പുതിയൊരു തലമുറയെ വരവേല്‍ക്കുന്നു;2025ല്‍ ജനിക്കുന്ന കുട്ടികള്‍ ജെന്‍ ബീറ്റ

2025 ജനുവരി 1 മുതല്‍ ലോകം പുതിയൊരു തലമുറയെ വരവേല്‍ക്കുന്നു. ‘ജനറേഷന്‍ ബീറ്റ’ എന്നറിയപ്പെടുന്ന ഈ പുത്തന്‍ തലമുറ Gen Z (1996-2010), മില്ലേനിയല്‍സ് (1981-1996) എന്നിവയ്ക്ക് ശേഷം വന്ന Gen Alpha (2010-2024 ന് ഇടയില്‍ ജനിച്ചവര്‍) യുടെ പിന്‍ഗാമിയാണ്. 2025 മുതല്‍ 2039 വരെ ജനിക്കുന്ന കുട്ടികളെ ഉള്‍ക്കൊള്ളുന്ന ജനറേഷന്‍ ബീറ്റ 2035-ഓടെ ലോകജനസംഖ്യയുടെ 16 ശതമാനം വരുമെന്നാണ് സാമൂഹിക ഗവേഷകനായ മാര്‍ക്ക് മക്രിന്‍ഡിലിന്റെ പഠനം. അതായത് 22-ാം നൂറ്റാണ്ടിലെ ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഈ തലമുറക്കാര്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനാകും. മനുഷ്യ ചരിത്രത്തിലെ പുതിയ യുഗങ്ങളെ സൂചിപ്പിക്കാന്‍ ഗ്രീക്ക് അക്ഷരമാലയില്‍ നിന്ന് പേരുകള്‍ എടുക്കാനാണ് പതിവ് ഇത് ജനറേഷന്‍ ആല്‍ഫയില്‍ തുടങ്ങി ജനറേഷന്‍ ബീറ്റ വരെ എത്തിനില്‍ക്കുകയാണ്.
ജനറേഷന്‍ ബീറ്റയുടെ പ്രത്യേകത ഡിജിറ്റല്‍ ലോകത്തില്‍ ജനിച്ചു വളരുന്ന ഇവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സങ്കേതവിദ്യകളുമായി അടുത്ത ബന്ധം പുലര്‍ത്തുമെന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ആക്സസ് ചെയ്യാനും അവയില്‍ പ്രാവീണ്യം നേടാനും ജനറേഷന്‍ ബീറ്റയ്ക്ക് കൂടുതല്‍ അവസരങ്ങളുണ്ട്.

സ്മാര്‍ട്ട് ടെക്നോളജിയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഉയര്‍ച്ച ഇതിന് മുന്‍പുള്ള ആല്‍ഫ ജനറേഷന്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും എഐ ,ഓട്ടോമേഷന്‍ എന്നിവ ദൈനംദിന ജീവിതത്തിലും വിദ്യാഭ്യാസത്തിലും ജോലിസ്ഥലങ്ങളിലും ആരോഗ്യ സംരക്ഷണത്തിനും വിനോദത്തിനും പൂര്‍ണ്ണമായി ഉള്‍പ്പെടുത്തുന്ന ഒരു കാലഘട്ടം ജനറേഷന്‍ ബീറ്റ തന്നെയായിരിക്കും. ജനറേഷന്‍ ബീറ്റ ആരോഗ്യ സംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും പുരോഗതി കൈവരിക്കുന്നതോടെ ഈ കാലയളവില്‍ ജനിക്കുന്ന പല കുട്ടികള്‍ക്കും കൂടുതല്‍ ആയുസ്സ് ഉണ്ടാകും.

സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുമെന്നാണ് പഠനങ്ങള്‍. ജനറേഷന്‍ ബീറ്റയുടെ ഉദയം,മനുഷ്യരാശിയുടെ ഭാവിക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണ്. കാലാവസ്ഥാ വ്യതിയാനം, ആഗോള ജനസംഖ്യാ വ്യതിയാനം, ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം എന്നീ പ്രശ്‌നങ്ങള്‍ കാര്യമായി തന്നെ ജനറേഷന്‍ ബീറ്റ ജീവിതത്തില്‍ നേരിടേണ്ടി വരും അതോടൊപ്പം 21-ാം നൂറ്റാണ്ടിലെ പാരിസ്ഥിതിക ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ചുമതലയും ജനറേഷന്‍ ബീറ്റയുടേതാണ്.

Leave a Comment

Your email address will not be published. Required fields are marked *